ഊതി പെരുപ്പിച്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാമമമിട്ട് കൊണ്ട് രാജസ്ഥാനിൽ ഭജൻലാൽ ശർമ്മ മുഖ്യമന്ത്രിയായി അധികാരമേറ്റടുത്തിരിക്കുകയാണ്. കോൺഗ്രസിനെ തറപറ്റിച്ച് അധികാരം തിരിച്ചുപിടിച്ച ബിജെപി, മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ട പ്രമുഖരെയെല്ലാം മറന്ന് കന്നി എംഎൽഎയായ ഭജൻലാലിന് നേതൃസ്ഥാനം നൽകിയത് എന്ത് കൊണ്ടാവാം?
നരേന്ദ്രമോദിയും അമിത് ഷായും രാജസ്ഥാന്റെ ഭരണം വിശ്വസിപ്പിച്ച് ഏൽപ്പിച്ച ആ 56 കാരൻ ചില്ലറക്കാരനല്ല എന്നതാണ് അതിനുള്ള ഉത്തരം.
ആരാണ് ഭജൻലാൽ ശർമ്മ? ഏതൊരു സംഘപരിപാറുകാരനെയും പോലെ അച്ചടക്കമുള്ള, ദേശീയത ഉയർത്തിപിടിക്കുന്ന സാധാരണ പൊതുപ്രവർത്തകനായിട്ടാണ് ഭജൻലാൽ ശർമ്മയുടെ തുടക്കം. വിദ്യാർത്ഥി സംഘടനയായ എബിവിപിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. ആർഎസ്എസിലൂടെ സ്വായത്വമാക്കിയ ആസാമാന്യ നേതൃപാടവം, 27 ാം വയസിൽ ആ ചെറുപ്പക്കാരനെ ഭരത്പൂർ ജില്ലയിലെ കൊച്ചു ഗ്രാമത്തിന്റെ സർപഞ്ചാക്കി മാറ്റി. പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം ബ്രാഹ്‌മണ സമുദായത്തിൽ നിന്നാണ് വരുന്നത്.
അയോദ്ധ്യ തർക്ക മന്ദിരത്തിനെതിരായി പ്രക്ഷോഭം നടന്ന കാലത്ത് അദ്ദേഹം രാമക്ഷേത്രത്തിനായി പൊരുതി ജയിൽവാസം അനുഷ്ടിച്ചു. കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭത്തിന് പിന്നാലെയും അദ്ദേഹം ജയിലിലായി.
കഴിഞ്ഞ 30 വർഷമായി ഭാരതീയ ജനതാ യുവമോർച്ചയിലും ചെറുതും വലുതുമായ പദവികൾ അലങ്കരിച്ച അദ്ദേഹം ബിജെപിയുടെ ഭരത്പൂർ ജില്ലാ സെക്രട്ടറിയും ജില്ലാ പ്രസിഡന്റും ആയി. തുടർന്ന് രാജസ്ഥാൻ ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ടിച്ച് വരുന്നതിനിടെയാണ് സംഗനേർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള നിയോഗം തേടിയെത്തുന്നത്. കോൺഗ്രസിലെ പുഷ്‌പേന്ദ്ര ദരദ്വാജിനെ 48,081 വോട്ടുകൾക്ക് പുഷ്പം പോലെ തോൽപ്പിച്ചപ്പോഴും മുഖ്യമന്ത്രി പദമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ആരും കരുതി കാണില്ല.
മുഖ്യമന്ത്രി പദത്തിനായി പാർട്ടി നിരീക്ഷകർ വിളിച്ചു ചേർത്ത ചർച്ചയ്ക്കിടെയിലും സംശയത്തിന്റെ ഒരു ലാഞ്ചന പോലും ഭജൻ ലാൽ ശർമ്മയിലേക്ക് ആർക്കും ഉണ്ടായിരുന്നില്ല. ഈ ആഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായ ബിജെപി ഓഫീസിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ അവസാനനിരയിലായിരുന്നു ഭജൻലാലിന്റെ സ്ഥാനം.
എന്നാൽ സസ്‌പെൻസ് പൊളിച്ച് ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ നിലയ്ക്കാത്ത കരഘോഷത്തോടെയായിരുന്നു അണികൾ അത് സ്വീകരിച്ചത്.
Discussion about this post