കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും ഭർതൃസഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭർതൃ മാതാവ് നബീസയുടേയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. അതേസമയം, പ്രായം പരിഗണിച്ച് ഭർതൃപിതാവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ്, മാതാവ്, സഹോദരി എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്.
ഷബ്നയുടെ ആത്മഹത്യയിൽ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ നിര്‍ദേശിച്ചിരുന്നു. വിഷയത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2010-ലാണ് ഷെബിനയുടെ വിവാഹം നടന്നത്. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് ഷബ്ന സഹോദരിയെ നിരന്തരം അറിയിച്ചിരുന്നു. ഷബ്നയുടെ സഹോദരിയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.








