മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 428 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയ ഇന്ത്യ രണ്ടാം ദിനം സന്ദർശകരെ 136 റൺസിന് ചുരുട്ടിക്കൂട്ടി. 5.3 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയുടെ ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകർത്തത്.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 4 വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് ഇപ്പോൾ 478 റൺസിന്റെ ലീഡുണ്ട്. 44 റൺസുമായി ക്യാപ്ടൻ ഹർമൻപ്രീത് കൗറും 17 റൺസുമായി പൂജ വസ്ത്രകാറുമാണ് ക്രീസിൽ.
നാല് ബാറ്റർമാർ നേടിയ അർദ്ധ ശതകങ്ങളും മറ്റുള്ളവർ നൽകിയ മികച്ച പിന്തുണയുമാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ശുഭാ സതീഷ് 69, ജെമീമ റോഡ്രിഗസ് 68, ദീപ്തി ശർമ്മ 67, യസ്തിക ഭാട്ടിയ 66 എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ ഹർമൻപ്രീത് കൗർ 49 റൺസെടുത്ത് പുറത്തായി. സ്നേഹ് റാണ 30 റൺസ് നേടി.
59 റൺസെടുത്ത നാറ്റ് സ്കീവർ ബ്രന്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. മറ്റ് ഇംഗ്ലീഷ് ബാറ്റർമാർക്ക് ആർക്കും തന്നെ 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല. ദീപ്തി ശർമ്മക്ക് പുറമേ 2 വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, പൂജ വസ്ത്രകാർ എന്നിവരും ഇന്ത്യക്ക് വേണ്ടി ബൗളിംഗിൽ തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ഒന്നാം ഇന്നിംഗ്സിൽ ലോറൻ ബെൽ, എക്ലെസ്റ്റൺ എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ഷാർലറ്റ് ഡീന് 4 വിക്കറ്റ് ലഭിച്ചപ്പോൾ എക്ലെസ്റ്റണ് 2 വിക്കറ്റുകൾ ലഭിച്ചു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ഓപ്പണർ ഷഫാലി വർമ 33 റൺസും ജെമീമ റോഡ്രിഗസ് 27 റൺസും സ്മൃതി മന്ഥാന 26 റൺസും ദീപ്തി ശർമ്മ 20 റൺസുമെടുത്ത് പുറത്തായി.
Discussion about this post