കശ്മീരിനെ കുറിച്ചും പാക് അധീന കശ്മീരിനെ കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന ഈ വേളയിൽ സർദാർ വല്ലഭായി പട്ടേലിന്റെ മകൾ മണി ബെൻ പട്ടേൽ എഴുതി സൂക്ഷിച്ചിരുന്ന ചില ഡയറിക്കുറിപ്പുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 1949 ജൂലൈ 23 മുതലുള്ള ചില ഡയറിക്കുറിപ്പുകളിൽ മണി ബെൻ പട്ടേൽ തന്റെ പിതാവിന് കശ്മീർ വിഷയത്തിൽ ഉണ്ടായിരുന്ന നിലപാടുകളും എതിർപ്പുകളും അദ്ദേഹം നേരിട്ട പ്രതിസന്ധികളും എല്ലാം വിവരിച്ചിട്ടുണ്ട്. കാശ്മീരിന്റെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ ഭാഗമാണെന്നും അത് ഇന്ത്യയുടെ പരമാധികാര പ്രദേശത്തിനുള്ളിൽ തന്നെ വേണമെന്നും ദൃഢനിശ്ചയം ഉണ്ടായിരുന്നു തന്റെ പിതാവിന് മണി ബെൻ പട്ടേൽ വ്യക്തമാക്കുന്നു.
എന്നാൽ സർദാർ വല്ലഭായി പട്ടേലിന്റെ തീരുമാനത്തിന് വിരുദ്ധമായി ജവഹർലാൽ നെഹ്റുവിനെ മറ്റൊരു കാഴ്ചപ്പാടായിരുന്നു കശ്മീർ വിഷയത്തിൽ ഉണ്ടായിരുന്നത്. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടെത്തിച്ചത് നെഹ്റുവിനെ പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന് സർദാർ വല്ലഭായി പട്ടേലും വിശ്വസിച്ചിരുന്നതായി മകളുടെ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. പാക് അധീന കശ്മീർ പ്രദേശം തിരിച്ചു പിടിക്കാനായി ഇന്ത്യൻ സൈന്യത്തെ നിയോഗിക്കാൻ നെഹ്റു വിമുഖത കാണിച്ചിരുന്നതായും അക്കാലത്ത് പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു.
ജവഹർലാൽ നെഹ്‌റുവിന് പകരം സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കശ്മീർ പ്രശ്നം ഏറ്റവും മികച്ച രീതിയിൽ പരിഹാരം കാണുമായിരുന്നെന്ന് നിരവധി ചരിത്രകാരന്മാർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ജവഹർലാൽ നെഹ്റു സ്വീകരിച്ച നിലപാടുകൾ വർഷങ്ങളോളം കശ്മീരി ജനതയ്ക്ക് ദുരിതങ്ങളാണ് സമ്മാനിച്ചത്.
ജുനാഗഢിലെ ഭരണാധികാരി മഹാബത് ഖാൻ തന്റെ സംസ്ഥാനം പാകിസ്ഥാനിലേക്ക് ചേരുന്നതായി പ്രഖ്യാപിച്ചപ്പോൾ തന്നെ പട്ടേൽ അതിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, ഇന്ത്യ സൈനികമായി ഇടപെടണമെന്ന് പട്ടേൽ നിർബന്ധിച്ചു. എന്നാൽ അത്തരം ഇടപെടൽ ഒരു സമ്പൂർണ യുദ്ധത്തിലേക്ക് നയിക്കുമെന്ന് നെഹ്റു ഭയപ്പെട്ടിരുന്നു. ഇരു ആധിപത്യങ്ങളുടെയും സൈന്യങ്ങളുടെ കമാൻഡർമാരായ ബ്രിട്ടീഷ് ഓഫീസർമാർക്ക് എതിരെ നിലകൊള്ളുന്നതിൽ നെഹ്‌റു പരാജയപ്പെട്ടുവെന്ന് സർദാർ വല്ലഭായി പട്ടേൽ അക്കാലത്തേ തിരിച്ചറിഞ്ഞിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മകളുടെ ഡയറിക്കുറിപ്പുകൾ സൂചിപ്പിക്കുന്നത്.
Discussion about this post