ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ കാരണം കണ്ടെത്തി വയനാട് എംപി രാഹുൽ ഗാന്ധി. പാർലമെൻറ് അതിക്രമത്തിൽ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് യുവാക്കൾക്ക് തൊഴിൽ കിട്ടാതിരിക്കാൻ കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബുധനാഴ്ചയാണ് സാഗർ ശർമ്മയും മനോരഞ്ജൻ ഡിയും സന്ദർശക ഗാലറിയിൽ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടി വീഴുകയും, കാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള വാതകം പുറത്തുവിടുകയും, തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരൻ ലളിത് ഝാ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടേറിയറ്റ് വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പ്രതികൾ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികൾ തയ്യാറാക്കിയിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. സ്വയം തീകൊളുത്താനായിരുന്നു ഇവർ ആദ്യം പദ്ധതി തയ്യാറാക്കിയതെന്നാണ് ഡൽഹി പോലീസിന്റെ വെളിപ്പെടുത്തൽ. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post