ദാവോസിലെ ലോക സാമ്പത്തിക ഫോറം വേദിയിൽ പാശ്ചാത്യ ചിന്താഗതികൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ‘രണ്ടാം നിര’ ശക്തിയായി ചിത്രീകരിക്കാൻ ശ്രമിച്ച പാനൽ മോഡറേറ്റർ ഇയാൻ ബ്രെമ്മറുടെ വാദങ്ങളെ മന്ത്രി കണക്കിലെടുത്തില്ല. ആഗോളതലത്തിൽ ഭാരതം ഇന്ന് മൂന്നാം സ്ഥാനത്താണെന്നും പാശ്ചാത്യ രാജ്യങ്ങളെക്കാൾ മുന്നിലാണെന്നും വസ്തുതകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി. ‘AI പവർ പ്ലേ’ എന്ന ചർച്ചയ്ക്കിടെയായിരുന്നു ഭാരതത്തിന്റെ ആഗോള സ്വാധീനം വിളിച്ചോതുന്ന ഈ സംവാദം നടന്നത്.
യൂറേഷ്യ ഗ്രൂപ്പ് പ്രസിഡന്റായ ഇയാൻ ബ്രെമ്മർ ഭാരതത്തെ AI രംഗത്തെ രണ്ടാം നിരക്കാരായി (Tier 2) തരംതിരിച്ചതിനെ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് ചോദ്യം ചെയ്തു. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2025-ലെ ആഗോള AI വൈബ്രൻസി റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഭാരതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാൻഫോർഡ് ഇൻഡക്സ് പ്രകാരം യുകെ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഭാരതം ഈ നേട്ടം കൈവരിച്ചത്. “നിങ്ങളുടെ വർഗ്ഗീകരണം തെറ്റാണ്. കേവലം വലിയ മോഡലുകൾ നിർമ്മിക്കുന്നതിലല്ല, മറിച്ച് യഥാർത്ഥ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് കാര്യം. 95 ശതമാനം ഉപയോഗങ്ങൾക്കും 20-50 ബില്യൺ പാരാമീറ്റർ വരെയുള്ള മോഡലുകൾ മതിയാകും,” മന്ത്രി തിരിച്ചടിച്ചു.
ഏകദേശം 10,372 കോടി രൂപയുടെ ‘ഇന്ത്യ AI മിഷൻ’ ഇതിനകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്. ദേശീയ കമ്പ്യൂട്ട് ഫെസിലിറ്റിയുടെ ഭാഗമായി 38,000 GPU-കൾ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കുമായി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 10 ദശലക്ഷം പേർക്ക് AI പരിശീലനം നൽകാനുള്ള ബൃഹദ് പദ്ധതിയും പുരോഗമിക്കുകയാണ്. ഭാരതത്തിന്റെ ഈ വളർച്ചയെ ഐഎംഎഫ് (IMF) മേധാവി ക്രിസ്റ്റലീന ജോർജീവിയയും പ്രശംസിച്ചു. ബ്രെമ്മറുടെ പരാമർശം ഒരു ‘ചെറിയ വിള്ളൽ’ മാത്രമാണെന്നും ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഭാരതം ലോകത്തിന് മാതൃകയാണെന്നും മന്ത്രിചൂണ്ടിക്കാട്ടി.
ലോകത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ AI ജനാധിപത്യവൽക്കരിക്കുന്ന ഭാരതത്തിന്റെ ശൈലിയെ വിദേശ പ്രതിനിധികൾ ഒന്നടങ്കം അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ കരുത്തിൽ, ടെക്നോ-ലീഗൽ സുരക്ഷാ സംവിധാനങ്ങളും തദ്ദേശീയമായ AI മോഡലുകളുമായി ഭാരതം ആഗോള നേതൃത്വത്തിലേക്ക് നീങ്ങുകയാണ്. ഡീപ്‌ഫേക്ക് പ്രതിരോധം, ബയസ് ഡിറ്റക്ഷൻ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിൽ ഭാരതം സ്വന്തം സുരക്ഷാ കവചം തീർക്കുന്നത് മറ്റ് രാജ്യങ്ങൾക്ക് വലിയ ഭീഷണിയാകുന്നുണ്ട്.













Discussion about this post