2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറുന്നതിനെതിരെ കടുത്ത വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ വാശി അവർക്ക് തന്നെയാകും തിരിച്ചടിയാവുകയെന്നും ലോകകപ്പ് ഷെഡ്യൂൾ മാറ്റാൻ കഴിയില്ലെന്ന ഐസിസിയുടെ തീരുമാനം ശരിയാണെന്നും കനേരിയ പറഞ്ഞു.
ഐസിസി മീറ്റിംഗിൽ ബംഗ്ലാദേശിനെ പാകിസ്ഥാൻ മാത്രമാണ് പിന്തുണച്ചതെന്നും മറ്റ് 14 രാജ്യങ്ങളും ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചതായും കനേരിയ വെളിപ്പെടുത്തി.
“കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്തത് ടീം ഉടമ ഷാരൂഖ് ഖാൻ സ്വമേധയാ എടുത്ത തീരുമാനമാണ്. ഇതിൽ ബിസിസിഐയോ ഐസിസിയോ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിട്ട അതിക്രമങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. മതം സ്നേഹമാണ് പഠിപ്പിക്കുന്നത്, അക്രമമല്ല.”
“ബംഗ്ലാദേശ് വന്നില്ലെങ്കിലും ഐസിസിക്കോ ഇന്ത്യയ്ക്കോ ഒന്നും സംഭവിക്കില്ല. അവർക്ക് പകരം സ്കോട്ട്‌ലൻഡ് വരും. പാകിസ്ഥാനും പിന്മാറുകയാണെങ്കിൽ നമീബിയയെപ്പോലെയുള്ള ടീമുകൾക്ക് അവസരം ലഭിക്കും. ലോകകപ്പിന് ഇന്ത്യയിൽ വന്നിരുന്നെങ്കിൽ കൂടുതൽ ബംഗ്ലാദേശ് താരങ്ങൾക്ക് ഐപിഎല്ലിൽ വരും കാലങ്ങളിൽ അവസരം ലഭിക്കുമായിരുന്നു. എന്നാൽ ഈ പിന്മാറ്റത്തോടെ ആ വാതിലുകൾ അടയുകയാണ്.” കനേരിയ പറഞ്ഞു.
ക്രിക്കറ്റിൽ സാങ്കേതികതയെക്കാൾ കൂടുതൽ രാഷ്ട്രീയമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതെന്ന് കനേരിയ പരിതപിച്ചു. കോഹ്‌ലി-ബാബർ, ബുംറ-ഷഹീൻ അഫ്രീദി താരതമ്യങ്ങൾ വിപണിക്ക് വേണ്ടിയുള്ളതാണെന്നും യഥാർത്ഥ ക്രിക്കറ്റ് ചർച്ചകൾ ഇല്ലാതാവുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.













Discussion about this post