ഇന്ത്യൻ ക്രിക്കറ്റിലെ യുവപ്രതിഭകളെക്കുറിച്ചുള്ള ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും അമിതമായ ആവേശത്തിന് കടിഞ്ഞാണിട്ട് മുൻ നായകൻ സുനിൽ ഗവാസ്കർ. വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളുടെ വളർച്ചയെ ക്രിക്കറ്റ് ലോകം ആഘോഷിക്കുമ്പോഴാണ്, അമിതമായ പുകഴ്ത്തലുകൾ താരങ്ങളുടെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് ഗവാസ്കർ മുന്നറിയിപ്പ് നൽകിയത്.
അണ്ടർ-19 ക്രിക്കറ്റിലെ പ്രകടനം അന്താരാഷ്ട്ര തലത്തിലേക്കോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കോ ഉള്ള നേരിട്ടുള്ള പാസ്സല്ലെന്ന് ഗവാസ്കർ ഓർമ്മിപ്പിച്ചു. ജൂനിയർ ലെവലും സീനിയർ ലെവലും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവതാരങ്ങൾ ഇപ്പോൾ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിക്കണം. നിലവിൽ തങ്ങളുടെ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനും അണ്ടർ-19 ലോകകപ്പ് നേടാനുമായിരിക്കണം മുൻഗണന.സോഷ്യൽ മീഡിയയിലെ പുകഴ്ത്തലുകളും നേരത്തെ ലഭിക്കുന്ന പ്രശസ്തിയും ശ്രദ്ധ തിരിക്കാൻ കാരണമാകും. ഒരു ചെറിയ പിഴവ് മതി കരിയർ തകരാൻ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
താരങ്ങൾ ഇപ്പോഴും പഠനഘട്ടത്തിലാണെന്ന് അവരെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ട ഉത്തരവാദിത്തം പരിശീലകർക്കും മുതിർന്നവർക്കുമുണ്ടെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. ആഭ്യന്തര ക്രിക്കറ്റിലൂടെ പടിപടിയായി വളർന്നു വരുന്നതാണ് ഒരു താരത്തിന്റെ കരിയറിന് നല്ലതെന്ന് ഗവാസ്കർ വിശ്വസിക്കുന്നു. പരാജയങ്ങളെ നേരിടാനും വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കാനും പഠിക്കുന്നത് അവിടെ വെച്ചാണ്. യുവതാരങ്ങൾക്ക് സ്വാഭാവികമായി വളരാനുള്ള സമയവും സ്ഥലവും നൽകണമെന്ന് അദ്ദേഹം സെലക്ടർമാരോടും ആരാധകരോടും ആവശ്യപ്പെട്ടു.













Discussion about this post