കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ‘സ്വപ്നകൂട്’ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ്-യൂത്ത് മൂവികളിൽ ഒന്നാണ്. പുതുമയുള്ള പ്രമേയവും, യുവതാരങ്ങളുടെ മികച്ച പ്രകടനവും, മനോഹരമായ പാട്ടുകളും കൊണ്ട് ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയുടെ പട്ടികയിലുണ്ട്.
പോണ്ടിച്ചേരിയിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനെത്തുന്ന മൂന്ന് സുഹൃത്തുക്കളുടെയും (പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ) അവർ താമസിക്കുന്ന വാടക വീടിന്റെ ഉടമകളായ രണ്ട് പെൺകുട്ടികളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇവർക്കിടയിൽ ഉള്ള വഴക്കും, പ്രണയവും, ദുഖങ്ങളുമൊക്കെ ചിത്രം അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്.
പ്രണയത്തോടുള്ള നായകന്മാരുടെ കാഴ്ചപ്പാടുകൾ മാറുന്നതും, ശേഷം അവരുടെ സൗഹൃദങ്ങൾക്കിടയിലുണ്ടാകുന്ന സംഘർഷങ്ങളും സിനിമ മനോഹരമായി ആവിഷ്കരിക്കുന്നു. അതുവരെ വളരെ ഗൗരവമേറിയ കഥാപാത്രങ്ങളൊക്കെ ചെയ്തു നിറഞ്ഞു നിന്ന പൃഥ്വിരാജ് തനിക്കും കോമഡിയും വഴങ്ങും എന്ന് ഇതിലൂടെ തെളിയിച്ചു. ഇന്നത്തെ കാലത്ത് നമ്മൾ സ്ഥിരമായി പറയുന്ന അല്ലെങ്കിൽ പെൺകുട്ടികളുടെ പിന്നാലെ നടക്കുന്ന ആളുകളെ വിളിക്കുന്ന ” കോഴി” എന്ന പദത്തിന് ഒരുപക്ഷെ യോജിച്ച ആളായിരുന്നു ഇതിൽ അദ്ദേഹം ചെയ്ത കാഞ്ഞിരപ്പള്ളി കുഞ്ഞൂഞ്ഞ്.
സിനിമയിലെ പാട്ടുകൾ ഇന്നും നമ്മുടെ പലരുടെയും പ്ലേയ്‌ലിസ്റ്റ് ഭരിക്കുന്നവയാണ്. എന്നാലും ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള “മായാ സന്ധ്യേ” എന്ന പാട്ടും ആ പാട്ടിന് ഉണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ചും കമൽ ഇങ്ങനെ പറഞ്ഞു:
“സിനിമയിൽ ദാസേട്ടൻ പാടിയ മായാ സന്ധ്യേ എന്ന പാട്ട് ക്ലൈമാക്സിലാണ് വരുന്നത്. തിയേറ്ററിൽ ആദ്യ രണ്ട് ദിവസങ്ങളിൽ അതിഭയങ്കര കൂവലാണ് ആ പാട്ട് വരുമ്പോൾ ഉണ്ടായിരുന്നത്. എന്താണ് ആളുകൾ കൂവാൻ കാരണമെന്ന് ആദ്യം ഞങ്ങൾക്ക് മനസിലായില്ല. പാട്ടിന്റെ സീനിൽ എന്തെങ്കിലും പ്രശ്നം കൊണ്ട് ആകുമെന്ന് കരുതിയത്. എന്നാൽ പിന്നെയാണ് മനസിലായത് പാട്ടിന്റെ പ്രശ്നം ആണ് കാരണമെന്ന്. പിച്ചിന്റെ ഒരു പ്രശ്നം ഉണ്ടായത് ഞങ്ങൾ പരിഹരിച്ചതായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഉള്ളപോലെ നല്ലതിയേറ്റർ ഒന്നും അന്ന് ഇല്ലല്ലോ. അപ്പോൾ തിയേറ്ററിന്റെ പ്രശ്നം കാരണമാണ് അത് ഉണ്ടായത്. എന്തായാലും രണ്ട് ദിവസം ആ പാട്ടിന്റെ സമയത്ത് കൂവൽ ഉണ്ടായി. ദാസേട്ടനെ പോലെ ഒരു ഗായകന്റെ പാട്ടിന് ജനം കൂവുക എന്നത് എനിക്ക് സങ്കടമായി. എന്തായാലും മോഹൻ സിതാര ഇടപെട്ട് മദ്രാസിൽ പോയി ആ പാട്ട് വീണ്ടും മിക്സ് ചെയ്തു ശരിയാക്കി. പ്രശ്നം മാറിയതോടെ ആളുകൾക്ക് ആ പാട്ടും ഇഷ്ടമായി” കമൽ ഓർത്തു.
ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് പോണ്ടിച്ചേരിയിലായിരുന്നു. അവിടുത്തെ തെരുവുകളും കടൽത്തീരവും സിനിമയ്ക്ക് ഒരു ഗ്ലോബൽ ഫീൽ നൽകി.













Discussion about this post