ന്യൂഡൽഹി : ഡൽഹി-എൻസിആറിൽ വെള്ളിയാഴ്ച രാവിലെ മുതൽ പെയ്ത മഴ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായി. നോയിഡയിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചസമയത്തും തലസ്ഥാനത്ത് ഇരുട്ടാണ് അനുഭവപ്പെടുന്നത്. വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയാനും മഴ കാരണമായി. ഈ കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസത്തേക്ക് തുടരാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഡൽഹിയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം തന്നെ കനത്ത തണുപ്പാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. നോയിഡയിൽ ഇന്ന് രാവിലെ പരമാവധി താപനില 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ആയിരുന്നു. രാവിലെ 11 മണിയോടെ മഴ ശക്തമായതിനെ തുടർന്ന് റോഡുകളിൽ വെള്ളം കയറുകയും വിവിധ സ്ഥലങ്ങളിൽ ഗതാഗത സൗകര്യം തടസ്സപ്പെടുകയും ചെയ്തു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











Discussion about this post