തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷഭരിതമായി. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ പട്ടത്തെ വീടിന് നേരെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. വീടിന് സമീപം ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. സന്ദീപിന്റെ വീടിന് സംരക്ഷണം നൽകാനായി സിപിഎം പ്രവർത്തകർ രംഗത്തെത്തിയ അസാധാരണമായ കാഴ്ചയും ഇവിടെ കാണാൻ കഴിഞ്ഞു.
ഇന്നലെ വൈകിട്ട് ആയിരുന്നു ആലപ്പുഴയിലെ നവ കേരള സദസ്സിനുശേഷം അമ്പലപ്പുഴയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ ബസ്സിനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗവൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥരും ആക്രമണം നടത്തിയത്. പ്രതിഷേധം നടത്തിയവരെ പോലീസ് പിടിച്ചുമാറ്റിയ സമയത്ത് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഗൺമാൻ ലാത്തികൊണ്ട് ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെയും വീടുകൾക്ക് പോലീസ് സുരക്ഷ നൽകിയിരുന്നു. എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീടിന് നേർക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിലാണ് സംഘർഷവും ലാത്തിച്ചാർജ്ജും ഉണ്ടായത്. പോലീസ് ലാത്തിച്ചാർജ്ജിനെയും ജലപീരങ്കി പ്രയോഗത്തെയും തുടർന്ന് നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.
Discussion about this post