ഭക്ഷണത്തിന് രുചിയും മണവും നൽകാനായി നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. പൊതുവേ ഇന്ത്യയിലും തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലും ആണ് കായം കൂടുതലായി ഉപയോഗിച്ചുവരുന്നത്. ശക്തമായ മണവും മറ്റെല്ലാ രുചികളെയും ബാലൻസ് ചെയ്യുന്ന പ്രത്യേക രുചിയും ആണ് കായത്തിനുള്ളത്. മികച്ച ദഹനത്തിനായും പരമ്പരാഗതമായി ആളുകൾ കായം ഉപയോഗിച്ച് വരാറുണ്ട്.
ഭക്ഷണത്തിന് രുചിയും മണവും വർദ്ധിപ്പിക്കുന്നതോടൊപ്പം ധാരാളം ആരോഗ്യ ഗുണങ്ങളും കായത്തിനുണ്ട്. ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമായ കായം ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കും മികച്ച ഒരു പ്രതിവിധിയാണ്. കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിന് ഏറെ നല്ലതാണ്. ആസ്‌ത്മ, ചുമ, ബ്രോങ്കൈറ്റിസ് എന്നീ പ്രശ്നങ്ങൾ ഉള്ളവർക്ക് കായത്തിന്റെ ഉപയോഗം വലിയ ആശ്വാസം നൽകും.
രക്തത്തിലെ ഇൻസുലിന്റെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കും എന്ന് പറയപ്പെടുന്നു. അതിനാൽ പ്രമേഹ രോഗം ഉള്ളവർക്ക് കായത്തിന്റെ ഉപയോഗം ഏറെ ഗുണകരമാണ്. ആമാശയത്തിലെ ആള്‍സറിനും കായം ഒരു മികച്ച പ്രതിവിധിയാണ്. കൂടാതെ കാര്യത്തിൽ ഒരു പ്രകൃതിദത്ത ആന്റി ഡിപ്രെസെന്റ് അടങ്ങിയിരിക്കുന്നതിനാൽ വിഷാദരോഗികൾക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ആയുർവേദപ്രകാരം കായം ഉപയോഗിക്കാറുണ്ട്. കായത്തിന്റെ ഉപയോഗം സമ്മർദ്ദം കുറയ്ക്കും എന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചില ഏഷ്യൻ രാജ്യങ്ങളിൽ ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരമായും കായം ഉപയോഗിച്ച് വരുന്നുണ്ട്. കായത്തിന്റെ ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന ബലഹീനത ഒഴിവാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കൂടാതെ കായത്തിൽ അടങ്ങിയിട്ടുള്ള ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനാൽ കടുത്ത തലവേദനയും മാനസിക സമ്മർദ്ദവും കുറയ്ക്കാനും കായം ഉപയോഗിച്ച് വരുന്നു.
Discussion about this post