നമുക്കെല്ലാവർക്കും ഇഷ്ടമുള്ള പഴവർഗമാണ് മാമ്പഴം. പഴങ്ങളുടെ രാജാവായ ഇവനെ ജ്യൂസടിച്ചും,പച്ചയ്ക്കും പഴുപ്പിച്ചുമെല്ലാം നാം അകത്താക്കുന്നു. മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് വിറ്റാമിനുകളും ആൻറി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ഒരു ഫലമാണ്. മാമ്പഴം കഴിക്കുന്നത് ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. കൂടാതെ, ഹൃദയാരോഗ്യത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
മാമ്പഴപ്രിയരാണെങ്കിൽ ഒരു കാര്യം കൂടി അറിഞ്ഞോളൂ. മാമ്പഴം മാത്രമല്ല, മാവിലയും ഗുണഗണങ്ങളിൽ മുൻപന്തിയിലാണ്. ശരിക്കും പറഞ്ഞാൽ നാം അറിയാതെ പോയ കില്ലാഡിയാണ് മാവില. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഫ്‌ലേവനോയ്ഡുകളുടെയും ഫിനോളുകളുടെയും ഉയർന്ന ഉള്ളടക്കം ഉള്ളതിനാൽ ഈ ഇലകൾക്ക് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.
വൈറൽ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് മാവില . ചർമ്മത്തിൽ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാൽ എളുപ്പം ഇല്ലാതാകും. മാവില തണലിൽ ഉണക്കിപ്പൊടിച്ച പൊടി ദിവസവും മൂന്നു നേരം വെള്ളത്തിലോ ഇളനീരിലോ ചേർത്ത് കുടിച്ചാൽ എത്ര കടുത്ത അതിസാരവും ഇല്ലാതാകും
പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും.ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മാവില. ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാൻ മാവിലയിട്ടു ചായ കുടിക്കുന്നത് ഏറെ നല്ലതാണ്.
മാവില ചായ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആദ്യമായി നമുക്ക് വേണ്ടത് നാലഞ്ച് ഇളം മാവിലകളാണ്. അത് നന്നായി കഴുകിയെടുക്കും. രണ്ട് കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്ത് മാവില വെള്ളം അഞ്ചുമിനിറ്റ് മൂടിവയ്ക്കുക. തുടർന്ന് അരിച്ചെടുത്ത് ചെറുനാരങ്ങയോ തേനോ ചേർത്ത് ചൂടോടെ കുടിക്കാം.
Discussion about this post