കണ്ണൂർ : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ കഴിയാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐയുടെ പ്രതിഷേധം. ദേശീയപാത ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
കാലിക്കറ്റ് സർവകലാശാലയിലേക്ക് പ്രവേശിക്കാൻ ഗവർണറെ അനുവദിക്കില്ലെന്ന് കാണിച്ച് എസ്എഫ്ഐ ശനിയാഴ്ച നാലുമണിയോടെ സർവകലാശാല കവാടത്തിന് മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. ഏതാനും നിമിഷങ്ങൾക്കകം തന്നെ പോലീസ് ഇവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തു നീക്കി. ഏഴരയോടെ ആയിരുന്നു ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തിച്ചേർന്നത്. ഈ സമയത്ത് സർവകലാശാലയുടെ മറ്റൊരു കവാടത്തിന് സമീപവും എസ്എഫ്ഐ പ്രതിഷേധം നടത്താൻ ശ്രമിച്ചെങ്കിലും ഗവർണറെ കാണാനോ തടയാനോ കഴിയാതെ ഈ പ്രതിഷേധം പരാജയപ്പെടുകയായിരുന്നു.
എസ്എഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. ഇത്തരം കാര്യങ്ങൾ ജനശ്രദ്ധയിൽ നിന്നും തിരിച്ചുവിടാൻ വേണ്ടിയാണ് മുഖ്യമന്ത്രി എസ്എഫ്ഐ ക്രിമിനലുകളെ സ്പോൺസർ ചെയ്തിരിക്കുന്നത് എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Discussion about this post