പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ഒരു ഭക്തന് അരമണിക്കൂർ ആയിരിക്കും വൈഫൈ ഉപയോഗിക്കാനാകുക.
മലയിലെത്തുന്ന ഭക്തർക്ക് നെറ്റ്വർക്ക് ലഭിക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യങ്ങൾ ഒഴിവാക്കാനാണ് പുതിയ നടപടി. ആദ്യ ഘട്ടത്തിൽ നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം – അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്പോട്ടുകളാകും സ്ഥാപിക്കുക.
നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
Discussion about this post