ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സൈനികര്‍ . സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 61 വിനോദസഞ്ചാരികളെയാണ് ചിനാര്‍ വാരിയേഴ്‌സ് രക്ഷപ്പെടുത്തിയത്.
മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് താപനിലയിലുണ്ടായ ഇടിവും, പ്രതികൂല കാലാവസ്ഥയും കാരണമാണ് വിനോദസഞ്ചാരികള്‍ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയത് . ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ സൈനികര്‍ അവര്‍ക്ക് ചൂട് ലഭിക്കാനുള്ള ക്രമീകരണങ്ങളും, ഉറങ്ങാനുള്ള ബാഗുകളും ചൂടുള്ള ഭക്ഷണവും നല്‍കിയതായും സേനാംഗങ്ങള്‍ പറഞ്ഞു.മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പ്രദേശത്തെ നിരവധി റോഡുകള്‍ തടസ്സപ്പെടുകയും, താമസകാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കശ്മീരിലെ താമസക്കാരെ ചിനാര്‍ വാരിയേഴ്സ് സഹായിക്കുന്നത് ഇതാദ്യമല്ല. ചിനാര്‍ കോര്‍പ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ ആര്‍മിയുടെ XC കോര്‍പ്‌സിന്റെ ഭാഗമാണ് ചിനാര്‍ വാരിയേഴ്‌സ്.
അതേസമയം സീസണിലെ ഏറ്റവും തണുപ്പുള്ള മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസാണ് ഗുല്‍മാര്‍ഗില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കാസിഗണ്ടില്‍ 0.8 ഡിഗ്രി സെല്‍ഷ്യസും കോക്കര്‍നാഗില്‍ 1.1 ഡിഗ്രി കുപ്വാരയില്‍ മൈനസ് 2.2 ഡിഗ്രി തെക്കന്‍ കശ്മീരിലെ പഹല്‍ഗാമില്‍ മൈനസ് 5.8 ഡിഗ്രി ശ്രീനഗര്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ കശ്മീരില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
Discussion about this post