ബംഗളൂരു: കർണാടകയിൽ എട്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ബല്ലാരിയിൽ നടന്ന റെയ്ഡിലാണ് ഭീകരർ അറസ്റ്റിലായത്. ഇതോടെ ഉഗ്രസ്‌ഫോടനത്തിനുള്ള പദ്ധതിയാണ് ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ബല്ലാരി മൊഡ്യൂളിന്റെ നേതാവായ മുഹമ്മദ് സുലൈമാൻ എന്നറിയപ്പെടുന്ന മിനാസ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും മുംബൈയും പൂനെയും ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി 19 സ്ഥലങ്ങളിൽ ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് ബല്ലാരിയിൽ നിന്ന് ഭീകരരെ പിടികൂടിയത്.
റെയ്ഡിൽ ഭീകരരിൽ നിന്ന് സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന് തുടങ്ങിയ സ്ഫോടക വസ്തുക്കളുടെ ശേഖരവും ആയുധങ്ങളും സ്‌ഫോടനാക്രമങ്ങളുടെ ഗൂഢാലോചനകൾ സംബന്ധിച്ച രേഖകളും കണ്ടെടുത്തതായി തീവ്രവാദ വിരുദ്ധ ഏജൻസി അറിയിച്ചു. കഠാരകൾ, പണം, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവയും എൻഐഎ കണ്ടെടുത്തു.
പരസ്പരം ആശയവിനിമയം നടത്താൻ ഐഎം ആപ്പുകൾ ഉപയോഗിച്ചിരുന്ന ഭീകരർ, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഐഇഡികൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇവർ കോളേജ് വിദ്യാർത്ഥികളെ റാഡിക്കലൈസ് ചെയ്യാനും റിക്രൂട്ട് ചെയ്യാനും ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് ബല്ലാരി മൊഡ്യൂളിനെതിരെ എൻഐഎ കേസെടുത്തത്.












Discussion about this post