ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ഗവർണർ പദവി വഹിക്കാൻ അദ്ദേഹം യോഗ്യനല്ലെന്ന് പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ നിരന്തരമായ രാഷ്ട്രീയ ആക്രമണത്തിലൂടെയും തീർത്തും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും ഗവർണർ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് സിപിഎം കുറ്റപ്പെടുത്തി.
ആരിഫ് മുഹമ്മദ് ഖാൻ തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് തെളിയിച്ചതായി സി.പി.എം നേതൃത്വം വ്യക്തമാക്കി. കേരളത്തിൽ ഭരണഘടനാ സംവിധാനം തകർച്ചയിൽ ആണെന്ന ഗവർണറുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്ന് പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ സംസ്ഥാനത്തെ ജനങ്ങൾ പൂർണമായി തള്ളിക്കളയുമെന്നും പിബി വ്യക്തമാക്കി.
“സർവകലാശാലകളുടെ ചാൻസലർ എന്ന പദവി ഗവർണർ ദുരുപയോഗം ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാൽ ഗവർണർ ഈ പ്രതിഷേധങ്ങൾക്ക് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്” എന്നും സിപിഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
Discussion about this post