പത്തനംതിട്ട: മണ്ഡലപൂജക്ക് ദിവസങ്ങൾ അടുക്കവെ ശബരിമലയിൽ തീർത്ഥാടക പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേരോളം ആണ് പതിനെട്ടാം പടി ചവിട്ടുന്നത്. വെർച്വൽ ക്യൂ വഴി 90,000 പേരാണ് ഇന്ന് മാത്രം ബുക്ക് ചെയ്തിരിക്കുന്നത്. ശരംകുത്തി വരെ ക്യൂ നീണ്ടു. വലിയ നടപ്പന്തലിൽ ആറ് വരിയായാണ് ക്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസങ്ങളിലെല്ലാം വെർച്വൽ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ഒരു ലക്ഷത്തോളം ഭക്തർ ശബരിമലയിലെത്തുന്നുണ്ടെന്നാണ് കണക്ക്. മണ്ഡലപൂജ സമയത്ത് ഇത് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. അതിനാൽ, തന്നെ അടുത്ത ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസും ദേവസ്വം ബോർഡും വ്യക്തമാക്കി.
ദർശനത്തിനെത്തുന്ന കുട്ടികൾക്ക് നന്നായി ദർശനം ലഭിക്കാത്ത സാഹചര്യമുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ദർശന സൗകര്യമൊരുക്കുമെന്ന് ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. ഇതിനായി ഇവർക്കായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്, കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയും കടത്തിവിടുമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇവിടെ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. ഈ സൗകര്യം ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരാൻ ദേവസ്വം പൊതുമരാമത്തിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post