വാഷിംഗ്ടൺ; ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ്മാൻ ( ഇന്ത്യയിലെ എംപിക്ക് തുല്യമായ സ്ഥാനം) ശ്രീ താനേദാറിനെതിരെ പാലസ്തീൻ അനുകൂലികളുടെ ആക്രമണം. ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെളുപ്പിന് മൂന്നു മണിക്ക് താനേദാറിൻറെ വീടിനു മുൻപിൽ പാലസ്തീൻ അനുകൂലികളുടെ അഴിഞ്ഞാട്ടം.
വീടിനു മുൻപിൽ മൈക്കിലൂടെ ബഹളം വെച്ചും, കാറുകൾ നിരത്തിയിട്ട് കൂട്ടമായി ഹോൺമുഴക്കിയുമായിരുന്നു ഹമാസ് അനുകൂലികളുടെ ആക്രമണം. നിന്നെ ഉറങ്ങാൻ അനുവദിക്കില്ലെന്നും, ഇസ്രായേലിനെതിരെ പ്രതിഷേധിക്കാത്തതിൻറെ വില നീ നൽകേണ്ടിവരും എന്നുമായിരുന്നു ഭീഷണി.
താനേദാറിനെതിരെ ഇതിനുമുൻപും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കർണ്ണാടകയിലെ ബൽഗാമിലാണ് ശ്രീ തനേദാറിൻറെ സ്വദേശം. കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയ ശേഷമാണ് തനേദാർ അമേരിക്കയിലേക്ക് കുടിയേറുന്നത്. അമേരിക്കൻ കോൺഗ്രസിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനൻമാർക്കുമുള്ള പ്രത്യേക അവകാശ സമിതിയുടെ തലവനാണ് തനേദാർ.
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അദ്ദേഹം ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് രാസവ്യവസായത്തിൽ തൻറേതായ മുദ്ര പതിപ്പിച്ച തനേദാർ ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളാണ്. മിഷിഗണിൽ നിന്ന് 93 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം അമേരിക്കൻ കോൺഗ്രസിലേക്ക് വിജയിച്ചത്.
ഇസ്രായേലിനെ അതിശക്തമായി പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് തനേദാർ. ”അന്താരാഷ്ട്ര തലത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്ത് ഒരു ജനതയെന്ന നിലയിൽ നമുക്ക് ഇസ്രായേൽ എന്ന രാജ്യത്തെ മാത്രമെ പിന്തുണയ്ക്കാൻ കഴിയൂ. മദ്ധ്യപൂർവ്വേഷ്യയിലെ ഏക ജനാധിപത്യ രാജ്യം ഇസ്രേയേൽ ആണ്. ആഗോളതലത്തിൽ അമേരിക്കയുടെ ഏറ്റവും ശക്തരായ പങ്കാളികളാണ് ഇസ്രായേൽ, അതേ സമയം ഹമാസ് ഒരു ഭീകരസംഘടനയാണ് ”, ശ്രീ തനേദാർ പറഞ്ഞു.











Discussion about this post