വാഷിംഗ്‌ടൺ: 2024 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും സാധ്യത കൽപ്പിക്കുന്ന നേതാവും, മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ജെ ട്രംപിനെ പ്രസിഡന്റ തിരഞ്ഞെടുപ്പിൽ നിന്നും അയോഗ്യനാക്കികൊണ്ട് വിധി പുറപ്പെടുവിച്ചിരിക്കുകയാണ് കൊളറാഡോ സുപ്രീം കോടതി.
2020 ൽ നടന്ന പ്രസിഡന്റ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപിന്റെ അനുയായികൾ ശ്രമിച്ചു എന്നും അതിൽ ട്രംപിന് സജീവമായ പങ്കുണ്ടെന്നുമുള്ള കേസിലാണ് ഇപ്പോൾ ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിക്കുന്ന വിധി വന്നിരിക്കുന്നത്. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്റ സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ജോ ബൈഡൻ വിജയിച്ചിരുന്നു
കലാപത്തിൽ പങ്കെടുത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഭരണഘടനാ പദവിയിൽ നിന്നും വിലക്കുന്ന, അമേരിക്കൻ ഭരണഘടനയിൽ തന്നെ വളരെ അപൂർവ്വമായി മാത്രം ഉപയോഗിച്ചിട്ടുള്ള നിയമ പ്രകാരമാണ് ഇപ്പോൾ ട്രംപിനെ അയോഗ്യനാക്കി കൊണ്ടുള്ള വിധി വന്നിരിക്കുന്നത്
ഭരണകൂടത്തിനെതിരെ കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരെയും ഫെഡറൽ പദവി വഹിക്കുന്നതിൽ നിന്ന് തടയുന്ന യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ സെക്ഷൻ 3 പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പിൽ ഹാജരാകുന്നതിൽ നിന്ന് ട്രംപ് അയോഗ്യനാണെന്നാണ് കൊളറാഡോ സുപ്രീം കോടതിയുടെ വിധി. അതും 4 -3 എന്ന നേരിയ ഭൂരിപക്ഷത്തിൽ മാത്രം
2021 ജനുവരി 6-ന്, യുഎസ് കാപിറ്റോളിന് നേരെ അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ അക്രമാസക്തമായ നടപടികൾ കലാപത്തിന് തുല്യമാണെന്ന് കീഴ്‌ക്കോടതി ജഡ്ജി മുമ്പ് വിധിച്ചിട്ടുണ്ട്. സെക്ഷൻ 3 “ഉദ്യോഗസ്ഥന്മാർക്ക്” മാത്രം ബാധകമാകുന്ന വകുപ്പാണെന്നും അത് “പ്രസിഡന്റുമാർക്ക്” ബാധകമാകില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് കോടതി അദ്ദേഹത്തെ അയോഗ്യനാക്കുന്നതിൽ നിന്നും തടഞ്ഞിട്ടുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ വിധികളാണ് ട്രംപിനെതിരെ വന്നത്. ഈ കീഴ്കോടതി വിധി തള്ളിക്കൊണ്ടാണ് ഇപ്പോൾ കൊളറാഡോ സുപ്രീം കോടതി വിധി വന്നിട്ടുള്ളത്
സെക്ഷൻ 3 ഉദ്യോഗസ്ഥർക്ക് മാത്രം ബാധകമാകുന്നതും, അമേരിക്കൻ പ്രസിഡന്റിന് ബാധകം അല്ലാത്തതും ആയത് കൊണ്ട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും, അടിസ്ഥാനമില്ലാത്തതും ആണ് ഇപ്പോഴത്തെ വിധിയെന്നാണ് ട്രംപ് പക്ഷം പ്രതികരിച്ചിരിക്കുന്നത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നും ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്
ഈ വിധി ട്രംപിനെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് പരിശോധിക്കാം
അതായത് കോടതി ഉത്തരവ് പ്രകാരം കൊളറാഡോയിലെ പ്രസിഡൻഷ്യൽ പ്രൈമറി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പട്ടികപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരം തെറ്റാണ്. ഇനി അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും വോട്ടുകൾ ലഭിച്ചാൽ തന്നെ അവയൊന്നും എണ്ണപ്പെടില്ല
നമ്മളിവിടെ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്, ഫെഡറൽ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യമാണ് അമേരിക്ക, അതിനാൽ തന്നെ കൊളറാഡോ സുപ്രീം കോടതി വിധി കോളറാഡോക്ക് മാത്രം ബാധകമാകുന്ന ഒരു കാര്യമാണ്. മറ്റ് സംസ്ഥാനങ്ങൾക്കോ എന്തിന് അമേരിക്ക മൊത്തമൊ ഈ വിധി ബാധകമല്ല
ഡെമോക്രറ്റുകളുടെ കുത്തകയായ, സുരക്ഷിത കോട്ടയായ, ഒരു സ്ഥലമാണ് കൊളറാഡോ. അത് കൊണ്ട് തന്നെ കോടതി വിധി കോളറാഡോയിൽ ഒരു തരത്തിലും പ്രേത്യേകിച്ച് ഒരു മാറ്റവും തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാക്കാൻ പോകുന്നില്ല. .
സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനായി ജനുവരി 4 വരെ ഉത്തരവ് ഹോൾഡിലാണുള്ളത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് പക്ഷം നിലവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തായിരിക്കും സുപ്രീം കോടതി വിധി എന്ന് വ്യക്തമല്ല, എന്നാൽ നിലവിൽ സുപ്രീം കോടതി ബെഞ്ചിൽ ട്രംപിന് 6 -3 എന്ന മൃഗീയ ഭൂരിപക്ഷം ആണുള്ളത്. ഇതിൽ മൂന്ന് ജഡ്ജുമാരെ ട്രംപ് നേരിട്ട് നിയമിച്ചതും കൂടെയാണ്
ഇനി വിദൂര സാധ്യതയെ ഉള്ളുവെങ്കിലും ഈ വിധി സുപ്രീം കോടതി നിലനിർത്തുകയാണെന്ന് വിചാരിച്ചാലും 2024 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെ അത് ഒരു തരത്തിലും ബാധിക്കില്ല , കാരണം ട്രംപിന് കൊളറാഡോയിൽ വിജയിക്കേണ്ട ആവശ്യമില്ല, ശക്തമായ ഡെമോക്രാറ്റിക് ചായ്‌വ് കണക്കിലെടുക്കുമ്പോൾ ട്രംപ് കൊളറാഡോയിൽ വിജയിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നു കൂടെയില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകളിൽ ഒമ്പതെണ്ണം മാത്രമാണ് കൊളറാഡോയിലുള്ളത് . 2020ലെ തിരഞ്ഞെടുപ്പിൽ 13 ശതമാനത്തിലധികം പോയിന്റുകൾക്കാണ് ജോ ബൈഡൻ അവിടെ വിജയിച്ചത്.
എന്നാൽ ട്രംപ് ഭയപ്പെടേണ്ട ഒരു കാര്യം, ഇരുപക്ഷത്തിനും ഭൂരിപക്ഷം ഇല്ലാത്ത തൂക്ക് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സമാനമായ കേസുകൾ നല്കപ്പെടാൻ സാധ്യതയുണ്ട്. കൊളറാഡോ വിധി അതാത് സംസ്ഥാനങ്ങളെ ഒരു തരത്തിലും സ്വാധീനിക്കില്ലെങ്കിലും ജഡ്ജുമാർ ഈ വിധി വിശദമായി പഠിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പ്രതിച്ഛായ നിലനിർത്താൻ ട്രംപിന് സുപ്രീം കോടതി വിധി അനിവാര്യമായിരിക്കുകയാണ്
Discussion about this post