തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ റുവൈസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.
അതേസമയം, പഠനം പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല എന്നും റുവൈസ് കോടതിയില്‍ പറഞ്ഞു.
അതേസമയം, കേസില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ ആണ് കോടതി നടത്തിയത്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന് കോടതി പറഞ്ഞു. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടില്‍ റുവൈസിന്റെ കുടുംബം എത്തിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യ ചെയ്ത ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും സ്ത്രീധനമായി വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ ഷഹനയുടെ വീട്ടുകാർക്ക് കഴിയാതെ വന്നതോടെ റുവൈസും ബന്ധുക്കളും വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്. മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Discussion about this post