എറണാകുളം: ‘നേര്’ എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് എഴുത്തുകാരന്‍ ദീപക് ഉണ്ണി നൽകിയ ഹർജി കോടതി തള്ളി. വിഷയത്തിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നോട്ടീസ് അയച്ചു. ഹർജി തള്ളിയതോടെ ചിത്രം നാളെ തന്നെ തിയറ്ററിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മോഹൻലാൽ, ജീത്തു ജോസഫ്, അഡ്വ. ശാന്തി മായാദേവി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ മറുപടി ലഭിച്ച ശേഷം ഹർജി നാളെ വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് തൃശൂർ അരിമ്പൂർ സ്വദേശിയും എഴുത്തുകാരനുമായ ദീപക് ഉണ്ണി നൽകിയ ഹർജി പരിഗണിച്ചത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫും ശാന്തിപ്രിയ എന്ന ശാന്തി മായാദേവിയും ചേർന്ന് ഒരുക്കിയത് തന്റെ കഥ മോഷ്ടിച്ചാണെന്നാണ് ഹർജിക്കാരന്റെ ആരോപണം.
49 പേജ് അടങ്ങിയ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ഇരുവരും മൂന്ന് വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ആയിരുന്നു എന്നാണ് ആരോപണം. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു.
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയാ മണിയാണ് നായിക. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.









Discussion about this post