ദുബായ്: ഐപിഎൽ താര ലേലത്തിനിടെ ആളുമാറി വൻ തുക ചിലവിട്ട് പ്രീതി സിന്റയുടെ ടീം പഞ്ചാബ് കിംഗ്സ്. യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും ഒരു താരത്തെ വാങ്ങേണ്ടി വന്നതിന്റെ ജാള്യതയിലാണ് ടീം. ഒരേ പേരുള്ള രണ്ട് താരങ്ങൾ ലേലത്തിൽ പങ്കെടുത്തപ്പോൾ മതിയായ ജാഗ്രത ഇല്ലാതെ പോയതാണ് പഞ്ചാബിന് തിരിച്ചടിയായത്.
ശശാങ്ക് സിംഗ് എന്ന് പേരുള്ള രണ്ട് താരങ്ങൾ ഐപിഎൽ താര ലേലത്തിൽ പങ്കെടുത്തിരുന്നു. 19 വയസ്സുകാരനായ ശശാങ്ക് സിംഗിനെ ടീമിലെടുക്കാനായിരുന്നു പഞ്ചാബ് കിംഗ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ 32 വയസ്സുകാരനായ ശശാങ്ക് സിംഗിന്റെ പേര് ആദ്യം വിളിച്ചതോടെ വാങ്ങാൻ സന്നദ്ധത അറിയിച്ച് പഞ്ചാബ് കിംഗ്സ് രംഗത്ത് വരികയായിരുന്നു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ വാങ്ങാൻ മറ്റാരും വന്നതുമില്ല.
ഇതോടെ ശശാങ്കിനെ പഞ്ചാബ് സ്വന്തമാക്കിയതായി ലേലം നയിച്ച മല്ലിക സാഗർ വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് അബദ്ധം പറ്റിയതാണെന്ന വാദവുമായി പഞ്ചാബ് പ്രതിനിധികൾ എത്തിയത്. എന്നാൽ തീരുമാനം പിൻവലിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്.
ലേലത്തിലുള്ള എല്ലാ താരങ്ങളുടേയും വിവരങ്ങൾ ക്ലബ് പ്രതിനിധികൾക്ക് സ്വന്തം ലാപ്ടോപുകളിൽ ലഭ്യമാകും. ഇതു പരിശോധിച്ച ശേഷം ആരെയൊക്കെ വാങ്ങണമെന്ന ധാരണയുമായാണ് ക്ലബുകൾ സാധാരണ ലേലത്തിനെത്തുക. ഇവിടെ പഞ്ചാബ് കിംഗ്സിന്റെ പിഴവ് മൂലം സംഭവിച്ച ആശയക്കുഴപ്പത്തിന്റെ പേരിൽ ലേല തീരുമാനം പിൻവലിക്കാനാകില്ലെന്ന് ഐപിഎൽ അധികൃതർ വ്യക്തമാക്കുകയായിരുന്നു.
Discussion about this post