ഇടുക്കി : വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിനിടയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ അധികം വൈകാതെ തന്നെ ജലപീരങ്കിയിലെ വെള്ളം കഴിഞ്ഞതോടെ പോലീസ് നിസ്സഹായാവസ്ഥയിലായി. ഈ സമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ ചെളിവാരി എറിഞ്ഞു പ്രതിഷേധിച്ചു.
പ്രതിഷേധത്തിനിടയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതാണ് സംഘർഷം ഉണ്ടാവാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പോലീസിന് നേരെ വടിയും കല്ലുകളും മണ്ണും ചെളിയും പ്രവർത്തകർ വാരിയെറിഞ്ഞത് സംഘർഷാവസ്ഥ രൂക്ഷമാക്കി.
വണ്ടിപ്പെരിയാർ പീഡനക്കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പിണറായിയുടെ ജീവൻ രക്ഷാ സ്ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാർ കേസിലെ പ്രതി സഖാവ് അർജുനനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. പീരുമേട് എംഎൽഎയുടെ നേതൃത്വത്തിലാണ് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്നും രാഹുൽ മാങ്കുട്ടത്തിൽ പരിഹസിച്ചു.
Discussion about this post