ന്യൂഡൽഹി: അച്ചടക്ക ലംഘനത്തിന് രണ്ട് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെൻഡ് ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർള. കോൺഗ്രസിലെ ഡികെ സുരേഷ്, നകുൽ നാഥ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ, സഭയിൽ നിന്നും പുറത്താക്കപ്പെട്ട എംപിമാരുടെ എണ്ണം 145 ആയി.
കോൺഗ്രസിന്റെ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ്, എൻസിപിയുടെ ഫാറൂഖ് അബ്ദുള്ള, ഡിഎംകെയുടെ എസ് സെന്തിൽകുമാർ, ആം ആദ്മി പാർട്ടിയുടെ സുശീൽ കുമാർ റിങ്കു, എന്നിവരുൾപ്പെടെ 49 എംപിമാരെ കഴിഞ്ഞ ദിവസം നടപടി നേരിട്ടിരുന്നു. തിങ്കളാഴ്ച ലോക്‌സഭയിൽ നിന്ന് 46 പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിൽ നിന്ന് 45 എംപിമാരെയും സസ്പെൻഡ് ചെയ്തിരുന്നു.
പാർലമെന്റ് സുരക്ഷാ വീഴ്ച്ചയുടെ കാര്യങ്ങൾ സഭയുടെ അധികാര പരിധിയിൽ വരുന്നതാണ്. വിഷയത്തിൽ ആവശ്യമായ നടപടികൾ കൈക്കൊണ്ട് വരികയാണെന്നും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരുസഭകളുടെയും സഭാ അദ്ധ്യക്ഷന്മാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതായും ബിജെപിയും വ്യക്തമാക്കിയിരുന്നു.








