തിരുവനന്തപുരം : കേരളത്തിന്റെ ആവശ്യത്തിനായി എല്ലാവരെയും കൂടെ നിർത്താൻ ആണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരള സദസ്സ് ഏതെങ്കിലും പാർട്ടിക്ക് മുന്നണിക്കോ വേണ്ടിയുള്ളതല്ല. ഈ നാടിനും നാട്ടിലെ കുട്ടികൾക്കും വേണ്ടിയാണ് നവ കേരള സദസ്സ് നടത്തുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളം കടം എടുക്കുന്നത് വികസനത്തിനു വേണ്ടിയാണെന്നും അല്ലാതെ എൽഡിഎഫിന് പുട്ടടിക്കാൻ വേണ്ടിയല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര വളർച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ചയാണ് ഇടതുപക്ഷ സർക്കാരിന് നേടാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
നാടിന്റെ വിശാല താത്പര്യം ആണ് ഇടതുപക്ഷ സർക്കാരിനെ നയിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നവ കേരള സദസ്സ് ബഹിഷ്കരിച്ചവർക്ക് അതിന്റെ പോരായ്മ ചൂണ്ടിക്കാണിക്കാമായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് ഉണ്ടായില്ല. നവ കേരള സദസിനെ വിമർശിക്കുന്നവർ നാടിനെതിരായ സമീപനം ആണ് സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post