ന്യൂഡൽഹി: ഗൾഫ് ഓഫ് ഏദൻ മേഖലയിൽ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിന്യസിച്ച് ഇന്ത്യൻ നാവികസേന. മേഖലയിലെ ചരക്ക് ഗതാഗതത്തിന് കൂടുതൽ സുരക്ഷ നല്കുന്നതിനാണിത്. ഐ എൻ എസ് കൊച്ചിയും, ഐ എൻ എസ് കൊൽക്കത്തയും ആണ് ഇപ്പോൾ ഇന്ത്യൻ നാവികസേന ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ മാൾട്ടയിൽ നിന്നും വരുന്ന ഒരു ചരക്ക് കപ്പലിനെ കടൽ കൊള്ളക്കാർ ആക്രമിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ നേവിയുടെ തക്ക സമയത്തുള്ള ഇടപെടലാണ് കപ്പലിനെ സുരക്ഷിതമാക്കിയത്. എം വി റൂയെൻ എന്ന മാൾട്ടയുടെ പതാകയുള്ള കപ്പലിനെ ആറ് അജ്ഞാതർ പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു കപ്പലിൽ നിന്നുള്ള സന്ദേശം ശ്രവിച്ചയുടൻ കുതിച്ചെത്തിയ ഇന്ത്യൻ സേന, മാൾട്ടൻ കപ്പലിൽ ഉള്ള എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി.
ഇന്ത്യൻ നാവികസേനയുടെ മാരിടൈം പട്രോൾ എയർക്രാഫ്റ്റ് ഡിസംബർ എംവി റൂയണിന്റെ പരിസരത്തേക്ക് കുതിച്ചെത്തുകയും കപ്പൽ ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. 18 ക്രൂ അംഗങ്ങളും കപ്പലിൽ സുരക്ഷിതരാണെന്ന് റിപ്പോർട്ട് ചെയ്തു. കപ്പലിന്റെ ക്രൂ അംഗങ്ങളിൽ ഒരാൾ പോലും ഇന്ത്യക്കാരൻ അല്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം തന്നെ കൂടുതൽ പിന്തുണയ്ക്കായി ഏദൻ ഉൾക്കടലിൽ പൈറസി വിരുദ്ധ പട്രോളിംഗ് നടത്തുന്ന ഐഎൻഎസ് കൊച്ചിയും സഹായം നൽകുന്നതിനായി ഉടൻ വഴിതിരിച്ചു വിട്ടിരുന്നു.
വാണിജ്യ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കടലിലെ നാവികർക്ക് ഈ മേഖലയിലെ ‘ആദ്യ പ്രതികരണം’ എന്ന നിലയിൽ സഹായം നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കി
Discussion about this post