ഏഴുമാസമായി ശമ്പളം നൽകിയിട്ടില്ല ; നവ കേരള സദസ്സിലടക്കം പരാതി പറഞ്ഞിട്ടും ഫലമില്ല ; അനിശ്ചിതകാല സമരത്തിലേക്ക് ജവഹർ ബാലഭവൻ ജീവനക്കാർ
തൃശ്ശൂർ : ഏഴുമാസമായി ശമ്പളം ലഭിച്ചിട്ടില്ലാത്ത ജവഹർ ബാലഭവൻ ജീവനക്കാർ സമരത്തിലേക്ക്. ഓണത്തിന് നൽകുമെന്ന് പ്രതീക്ഷിച്ച ശമ്പള കുടിശ്ശിക ക്രിസ്മസ് ആയിട്ടും നൽകാതെ ആയതിനെ തുടർന്നാണ് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ജീവിക്കാൻ യാതൊരു വഴിയും ഇല്ലാതായതോടെയാണ് സമരം നടത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് ജവഹർ ബാലഭവൻ ജീവനക്കാർ അറിയിച്ചു.
ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നവകേരള സദസ്സിൽ പരാതി നൽകിയിരുന്നു . സിപിഎം സംസ്ഥാന സെക്രട്ടറിക്കും നേരിട്ട് പരാതി നൽകിയിരുന്നു. സാംസ്‌കാരിക മന്ത്രിയേയും ധനകാര്യ മന്ത്രിയേയും നേരിൽ കണ്ടു പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല. ബാലഭവൻ ജീവനക്കാരുടെ ശമ്പള വിഷയത്തിൽ സംസ്ഥാനത്തെയോ ജില്ലയിലെയോ ഒരു ജനപ്രതിനിധി പോലും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇതോടെയാണ് ജനുവരി 3 മുതൽ അനിശ്ചിതകാല സമരം നടത്താനായി ജീവനക്കാർ തീരുമാനിക്കുന്നത്.
ഏഴ് മാസമായി ശമ്പളം ലഭിക്കാതെ ആയതോടെ തൃശൂര്‍ എം.എല്‍.എ. പി. ബാലചന്ദ്രനെ പലതവണ കണ്ട് ബുദ്ധിമുട്ട് അറിയിച്ചു. മന്ത്രി കെ. രാജനെയും കണ്ട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പലപ്രാവശ്യം അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാൽ ആരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നും ബാലഭവൻ ജീവനക്കാർ വ്യക്തമാക്കി.
400ല്‍ പരം കുട്ടികള്‍ പഠനം നടത്തുന്ന തൃശൂരിലെ ജവഹർ ബാലഭവൻ കേരളത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ഇത്തരമൊരു സ്ഥാപനത്തിലാണ് കഴിഞ്ഞ ഏഴ് മാസമായി ജീവനക്കാർ ശമ്പളം ലഭിക്കാതെ ദുരിതത്തിൽ ആയിരിക്കുന്നത്. അനിശ്ചിതകാല സമരം നടത്തുമെന്ന് കാണിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയുള്ള സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്കും ബാലഭവന്‍ ചെയര്‍മാനായ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്കും നോട്ടീസ് നല്‍കിയിട്ടും ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും തയാറായിട്ടില്ല എന്നും ജവഹർ ബാലഭവൻ ജീവനക്കാർ വ്യക്തമാക്കി.









Discussion about this post