തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിപക്ഷം നടപ്പിലാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് നവകേരള സദസ് ബഹിഷ്കരിക്കാൻ പ്രഖ്യാപനം നടത്തിയത് സംഘപരിവാറിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിയുമായുള്ള കോൺഗ്രസിന്റെ ആത്മബന്ധം ശക്തമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധം ഏറ്റവും നന്നായി അറിയാവുന്നത് നേമത്തുകാർക്ക് ആണെന്നും പിണറായി വിജയൻ സൂചിപ്പിച്ചു. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയത് കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“നാണം കെട്ട പ്രവൃത്തികൾ ചെയ്യുന്നതിന് മടിയില്ലാത്ത രാഷ്ട്രീയ നേതൃത്വമാണ് കോൺഗ്രസിന്റേത്. നാലു വോട്ടിനോ അല്ലെങ്കിൽ മൂന്നു സീറ്റിനോ വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ കോൺഗ്രസിനും മടിയില്ല. ഇന്നത്തെ കോൺഗ്രസ് നേതാക്കളിൽ പലരും ബി ജെ പിക്ക് നല്ല വ്യക്തികളാണ്. തങ്ങളുടെ കൂടെ ബി ജെ പി വേണമെന്നാണ് കോൺഗ്രസിന്റെയും ആഗ്രഹം ” എന്നും പിണറായി വിജയൻ ആരോപിച്ചു.








