ന്യൂഡൽഹി : ജനപ്രിയ മോട്ടിവേഷണൽ സ്പീക്കറും സമൂഹമാദ്ധ്യമങ്ങളിലെ താരവുമായ വിവേക് ബിന്ദ്രയ്ക്കെതിരെ ഗാർഹിക പീഡന ആരോപണവുമായി ഭാര്യ രംഗത്ത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് ബിന്ദ്രയ്ക്കെതിരെ ഗാർഹിക പീഡന പരാതി നൽകപ്പെട്ടിട്ടുള്ളത്.
ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ വൈഭവ് ക്വാത്രയാണ് നോയിഡയിലെ സെക്ടർ 126ലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബിന്ദ്ര ഭാര്യയെ ശാരീരികമായ ആക്രമിച്ചു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു. വിവേക് ബിന്ദ്രയും മാതാവ് പ്രഭയും തമ്മിൽ നിരന്തരമായി കലഹം നടക്കാറുണ്ടെന്നും ഈ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഭാര്യയെ രൂക്ഷമായി മർദ്ദിച്ചു എന്നും സഹോദരൻ നൽകിയിരിക്കുന്ന പരാതിയിൽ സൂചിപ്പിക്കുന്നു.
ഡിസംബർ ആറിനാണ് ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ബിന്ദ്ര യാനികയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അസഭ്യം പറയുകയും മുടി വലിച്ച് മർദിക്കുകയും ചെയ്തതായി ഭാര്യ ആരോപിക്കുന്നു. വിവാഹദിനത്തിൽ തന്നെ ഇയാൾ ഭാര്യയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. മർദ്ദനത്തെ തുടർന്ന് യാനികയ്ക്ക് കേൾവി ശക്തിക്ക് തകരാർ സംഭവിച്ചതായും പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിബിപിഎൽ) സിഇഒയും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന വ്യക്തിയുമാണ് മോട്ടിവേഷണൽ സ്പീക്കർ ആയി അറിയപ്പെടുന്ന വിവേക് ബിന്ദ്ര. ഹോണററി ഡോക്ടർ ഓഫ് ഫിലോസഫി ബിരുദധാരി കൂടിയാണ് ബിന്ദ്ര. വീഡിയോകളിൽ ഡോക്ടർമാർക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് നേരത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിവേക് ബിന്ദ്രക്കെതിരെ കേസ് നൽകിയിരുന്നു.
Discussion about this post