ചെന്നൈ : ഹിന്ദി സംസാരിക്കുന്ന ബീഹാറിലെയും മറ്റും ജനങ്ങൾ തമിഴ്നാട്ടിൽ വന്ന കക്കൂസ് കഴുകുകയാണെന്ന് ഡിഎംകെ നേതാവ് ദയാനിധി മാരന്റെ പരിഹാസം. ഇൻഡി സഖ്യത്തിന്റെ യോഗത്തിനിടയിൽ ഡിഎംകെ നേതാവിനോട് ഹിന്ദി പഠിക്കാനായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതിന് മറുപടിയായാണ് ദയാനിധി മാരന്റെ ഈ പരാമർശം. പരസ്പരമുള്ള ചെളി വാരിയെറിയലിലൂടെ ഇൻഡി സഖ്യത്തിൽ ഭിന്നത വീണ്ടും രൂക്ഷമാവുകയാണ്.
ദയാനിധി മാരന്റെ വിദ്വേഷ പരാമർശത്തിന് നിതീഷ് കുമാർ മറുപടി പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ഹിന്ദി സംസാരിക്കുന്നവരോടും ഉത്തരേന്ത്യൻ ജനതയോടും ഇൻഡി സഖ്യത്തിലെ സഖ്യകക്ഷികൾക്ക് എന്താണ് ഇത്രയും വിരോധമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ചോദ്യമുന്നയിച്ചു. ഇൻഡി സഖ്യത്തിലെ പല നേതാക്കളും ഇത്തരത്തിൽ ഹിന്ദി സംസാരിക്കുന്നവരെ അപമാനിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഇതിനെല്ലാം മറുപടി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് പാർലമെന്റിൽ ഡിഎംകെ എംപി സെന്തിൽ കുമാർ നേരത്തെ ആക്ഷേപകരമായ പരാമർശം നടത്തിയതിനെതിരെയും ബിജെപി രൂക്ഷമായി വിമർശിച്ചു. തെലങ്കാന ഡിഎൻഎ ബീഹാർ ഡിഎൻഎയേക്കാൾ മികച്ചതാണെന്ന തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനും ഇൻഡി സഖ്യം മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Discussion about this post