മുംബൈ : പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥികളെ മതപരിവർത്തനം നടത്താനായി ശ്രമിച്ച സുഡാൻ പൗരൻ ഔറംഗബാദിൽ അറസ്റ്റിൽ. ശിവ്ഛത്രപതിനഗർ എച്ച്.എം.യു. വിദ്യാർത്ഥിയായ 22 വയസ്സുകാരൻ ഒസാമ അലി യൂസഫ് അഹമ്മദ് ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ 26 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
പതിനഞ്ചു വയസ്സുകാരനായ ഒരു വിദ്യാർത്ഥിയാണ് ഒസാമ അലി യൂസഫ് അഹമ്മദിനെതിരെ
സിറ്റി ചൗക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ എത്തിയിട്ടുള്ള ഇയാൾ ഒരേയൊരു തവണ മാത്രമാണ് കോളേജിൽ എത്തിയിട്ടുള്ളത് എന്നും ഇയാളുടെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതി ഏതെങ്കിലും മതപരിവർത്തന ലോബിയുടെ ഭാഗമാണോ എന്ന് വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ വ്യക്തമാക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ഇയാളെ മറ്റാരെങ്കിലും സഹായിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും വിശദമായി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post