തിരുവനന്തപുരം : നവ കേരള ബസ് തലസ്ഥാനത്ത് പ്രദർശനത്തിന് വയ്ക്കുമെന്ന് സ്ഥാനമൊഴിയുന്ന ഗതാഗത മന്ത്രി ആന്റണി രാജു. നവ കേരള സദസിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ബസ് ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ബസ് കാണാൻ നിരവധി പേർ ആഗ്രഹിക്കുന്നതിനാലാണ് ബസ് പ്രദർശനത്തിന് വയ്ക്കാൻ തീരുമാനിച്ചത് എന്നും ആന്റണി രാജു അറിയിച്ചു.
നവകേരള സദസ്സ് കഴിയുമ്പോൾ ബസിന്റെ ഭാവി എന്തായിരിക്കും എന്ന് നിരവധി പേർക്ക് ആശങ്കയുണ്ടെന്ന് ആന്റണി രാജു സൂചിപ്പിച്ചു. വളരെ ശോഭനമായ ഭാവി തന്നെയായിരിക്കും ബസ്സിന് ഉണ്ടാകുന്നത്. ബസ്സിന്റെ കാര്യത്തിൽ നിരവധി സാധ്യതകൾ ഉണ്ട്. വേണമെങ്കിൽ കെഎസ്ആർടിസിക്ക് ആ ബസ് ഉപയോഗിക്കാം. അല്ലെങ്കിൽ ടൂറിസത്തിന്റെ ഭാഗമായും ബസ് ഉപയോഗിക്കാവുന്നതാണ് എന്നും ആന്റണി രാജു വ്യക്തമാക്കി.
“മാദ്ധ്യമപ്രവർത്തകരെ പോലെ ജനങ്ങൾക്കും ഈ ബസ്സിനകത്ത് കയറണമെന്ന് ആഗ്രഹമുണ്ട്. നിലവിൽ കെഎസ്ആർടിസിയുടെ പേരിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബസ് ഭാവിയിൽ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. ടോയ്ലറ്റ് സൗകര്യമെല്ലാം ഉള്ളതുകൊണ്ട് പത്തോ ഇരുപതോ പേരുള്ള ഫാമിലി, ഗ്രൂപ്പ് ടൂറുകൾക്ക് ബസ് ഉപയോഗിക്കാൻ കഴിയും” എന്നും ആന്റണി രാജു വ്യക്തമാക്കി.
Discussion about this post