ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎന്‍ 1 വൈറസിന് നിലവില്‍ അധിക ഡോസ് വാക്‌സിന്‍ ആവശ്യമില്ലെന്ന് കോവിഡ് പാനല്‍ മേധാവി ഡോ. എന്‍.കെ. അറോറ . ഒമിക്റോണിന്റെ വിവിധ സബ് വേരിയന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും കാഠിന്യം വര്‍ധിപ്പിച്ചിട്ടില്ലെന്നും മേധാവി പറഞ്ഞു. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഡോ അറോറ പറഞ്ഞു.
60 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും, രോഗാവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും, പ്രതിരോധശേഷി ഇല്ലാതാക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്കുമാണ് രോഗം പിടിപ്പെടാന്‍ സാധ്യത. അവര്‍ക്ക് പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഒമിക്രോണ്‍, ജെഎന്‍ 1 ഇവ രണ്ടും രോഗലക്ഷണങ്ങളില്‍ വളരെ സാമ്യമുള്ളതാണ്. അതുകൊണ്ട് ഇവയെ വേര്‍തിരിച്ച് അറിയാന്‍ പ്രയാസമാണ്. എന്നാല്‍ ജെഎന്‍ 1 ന് ഇടയ്ക്കിടെ വയറിളക്കവും കഠിനമായ ശരീരവേദനയും ഉണ്ടാകാം. സാധാരണയായി രണ്ടോ അഞ്ചോ ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുകയും ചെയ്യും,’ ഡോക്ടര്‍ വിശദീകരിച്ചു.
ഓരോ ആഴ്ചയും പുതിയ രോഗങ്ങള്‍ പല ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. പിന്നീട് ഇവ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. വൈറസിന്റെ 400 ഉപവകഭദങ്ങളോളം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ ഒമിക്രോണിന്റെ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ വര്‍ദ്ധനവില്ല. മറ്റു സംസ്ഥാനങ്ങളും കര്‍ശന പരിശോധനകള്‍ നടത്തി വരുന്നുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും മുന്‍കരുതലുകള്‍ എടുത്ത് ജാഗ്രത പാലിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതിയ കോവിഡ് കേസുകളില്‍ ഒന്നിലധികം മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തി. അതില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. മൊത്തം 423 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതില്‍ 266 എണ്ണം കേരളത്തില്‍ നിന്നും 70 എണ്ണം കര്‍ണാടകയില്‍ നിന്നുമുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.പൊതുജനാരോഗ്യ അപകടസാധ്യത നിലവില്‍ കുറവാണ്. ഇതൊക്കെയാണെങ്കിലും, വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ പല രാജ്യങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ട്.
Discussion about this post