ചെന്നൈ : വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം നൽകുന്നതിൽ നിരവധി വെല്ലുവിളികളുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഏതൊക്കെ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം നൽകണം എന്ന കാര്യത്തിൽ സാമ്പത്തികവും സുരക്ഷാസംബന്ധവുമായ വെല്ലുവിളികളുണ്ടെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ വ്യവസായ കോൺഫെഡറേഷൻ (CII) സംഘടിപ്പിച്ച TAKEPRIDE 2023 ഉച്ചകോടിയിൽ സംരംഭകരുമായി സംവദിക്കുകയായിരുന്നു ജയശങ്കർ. നിലവിൽ ഇന്ത്യ നടത്തുന്ന ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) ഡ്രൈവ് ഈ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇരട്ട പൗരത്വം ഒരു വ്യക്തിക്ക് ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പൂർണ്ണമായും പങ്കെടുക്കാനും യാത്ര ചെയ്യുമ്പോൾ വിസ ആവശ്യകതകളിൽ നിന്നുള്ള ഇളവുകൾ ആസ്വദിക്കാനും ഓട്ടോമാറ്റിക് വർക്ക് പെർമിറ്റ് നേടാനും അനുവദിക്കുന്നതാണ്. ഇന്ത്യൻ പൗരന്മാർക്ക് ഒരേസമയം മറ്റൊരു രാജ്യത്തിന്റെ പൗരത്വം വഹിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. എങ്കിലും പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരായ വ്യക്തികൾക്കായി ഇന്ത്യൻ സർക്കാർ നടത്തുന്ന പദ്ധതിയാണ് OCI പ്രോഗ്രാം.
ഒരു ഒസിഐ കാർഡ് ഉടമയ്ക്ക് ഇന്ത്യയിലേക്കുള്ള മൾട്ടി എൻട്രി സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അവർക്ക് ഇന്ത്യ സന്ദർശിക്കുന്നതിന് ആജീവനാന്ത വിസ സൗകര്യവും ഉണ്ടായിരിക്കും. എന്നാൽ ഇവർക്ക് വോട്ടവകാശമോ രാജ്യത്തെ നിയമനിർമ്മാണ അല്ലെങ്കിൽ ഭരണഘടനാ പദവികളിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ സാധിക്കുകയില്ല.
Discussion about this post