തിരുവനന്തപുരം: സർക്കാരിന്റെ തെറ്റായ നയങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മാനവീയം വേദിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെയും മാനവീയം വീഥിയിൽ സമാനമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്, സംഘർഷം പതിവായപ്പോൾ അധികൃതര്‍ പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു . മൈക്ക് ഉപയോഗം 10 മണി വരെയാക്കി ചുരുക്കി. 11 മണിയ്ക്ക് ശേഷം എല്ലാവരെയും ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. റോഡിന് ഇരുവശത്തും പോലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മേഖലയിൽ താരതമ്യേനെ സമാധാന സാഹചര്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ നിയന്ത്രണങ്ങൾക്കെതിരെ കലാകാരന്‍മാരുടെ കൂട്ടായ്മ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പരാതി നൽകുകയും, വേണ്ടത്ര കൂടിയാലോചനയില്ലാതെയും വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെയും മേയർ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുകയുമായിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മാനവീയം വീഥിയിൽ സംഘര്‍ഷം ഉണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. കൂടുതൽ പോലീസെത്തി സംഘർഷം ഉണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് പോലീസിനെതിരെയും അക്രമം ഉണ്ടായത്










