ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി (ഇസി) പിരിച്ചുവിട്ടതിനെത്തുടർന്ന് വിരമിക്കൽ തീരുമാനത്തിലെ മാറ്റത്തെക്കുറിച്ചുള്ള സൂചന നൽകി ഗുസ്തി താരം സാക്ഷി മാലിക്.
ഗുസ്തിക്കാരുടെ പ്രതിഷേധം സർക്കാരിനെതിരെയല്ലെന്നും ലൈംഗികാരോപണങ്ങൾ നേരിടുന്ന ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് എന്ന ഒരാൾക്കെതിരെയാണെന്നും സാക്ഷി മാലിക് പറഞ്ഞു.
ദേശീയ ഗുസ്തി ഫെഡറേഷനെയും അതിന്റെ എല്ലാ ഭാരവാഹികളെയും കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു . പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്‌ഐ മേധാവി സഞ്ജയ് സിംഗ് ചട്ടവിരുദ്ധമായി അണ്ടർ 15, അണ്ടർ 20 ദേശീയ ഗുസ്തി മത്സരങ്ങൾ യു പി യിലെ ഗോണ്ടയിൽ വച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം ഈ തീരുമാനം എടുത്തത്. വളരെ തിടുക്കപ്പെട്ട് എടുത്ത തീരുമാനമാണ് ഗുസ്തി ഫെഡറേഷന്റേത് എന്നും ഒരുപാട് ചട്ടങ്ങൾ ഒരുമിച്ച് ലംഘിക്കപ്പെടുകയുണ്ടായി എന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
ദേശീയ മത്സരങ്ങൾ നടത്താനുള്ള തീരുമാനം മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരെ അറിയിച്ചിട്ടില്ലെന്നും പ്രഖ്യാപനം തന്നെ ഡബ്ല്യുഎഫ്‌ഐയുടെ ഭരണഘടനയുടെ ലംഘനമാണെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹരിയാന സംസ്ഥാനവും യു പി യും തമ്മിലുള്ള പടല പിണക്കമാണ് ഗുസ്തി താരങ്ങൾ തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്
Discussion about this post