ന്യൂഡൽഹി: ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി അക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവിക സേന. യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയാണ് വിന്യസിച്ചതെന്ന് നാവിക സേന അറിയിച്ചു.
ഇതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് സുരക്ഷയൊരുക്കാനായിട്ടാണ് കപ്പലുകൾ വിന്യസിച്ചത്. ലോങ് റേഞ്ച് പട്രോളിങ് എയർക്രാഫ്റ്റ് പി 81 ഉം മേഖലയിൽ നിരീക്ഷണം നടത്തും. ഗുജറാത്തിനു സമീപം അറബിക്കടലില്‍ എംവി ചെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം തീരരക്ഷാസേനയുടെ സഹായത്തോടെ കപ്പല്‍ മുംബൈ ഹാര്‍ബറില്‍ എത്തിച്ചു. മുംബൈ തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ നാവിക സേനയുടെ സ്ഫോടക വസ്തു നിർമാർജന സംഘം പരിശോധന നടത്തി. ആക്രമണത്തെക്കുറിച്ച് തീര സംരക്ഷണ സേനയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post