ന്യൂഡൽഹി: അരിവില പിടിച്ചുകെട്ടാൻ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ.ഭാരത് ആട്ട, ഭാരത് ദാൽ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം എത്തുമെന്നാണ് റിപ്പോർട്ടുകൾ. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് അരി ലഭ്യമാകുക. സർക്കാർ ഇതിനകം തന്നെ ആട്ടയും പയർവർഗവും ഈ ബ്രാൻഡിന് കീഴിൽ വിൽക്കുന്നുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എഫ് സി ഐ) നടത്തിയ ഇ ലേലം വഴി ഓപ്പൺ മാർക്കറ്റിൽ ഓഫ് ലോഡ് ചെയ്യുന്ന തുക വർദ്ധിപ്പിച്ച് ഗോതമ്പ് വില ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ഗാതമ്പുമാവ് കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാൽ ബ്രാൻഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സർക്കാർ നിലവിൽ വിൽക്കുന്നത്.
സർക്കാർ ഏജൻസികളായ നാഷണൽ അഗ്രിക്കൾച്ചറൽ കോ – ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( നാഫെഡ്), നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട് ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപന ശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുകയെന്നാണ് വിവരം.
അതേ സമയം അരിയുടെ ശരാശരി ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുൻ വർഷത്തെക്കാൾ 14.1 ശതമാനമാണ് അരിക്ക് വർദ്ധിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഭാരത് റൈസ് എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കാനുള്ള നീക്കത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയിരിക്കുന്നത്.
Discussion about this post