ഇസ്ലാമാബാദ്: മുൻ പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി വീണ്ടും അറസ്റ്റിലായി. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അടുത്ത അനുയായി ആയിരുന്ന ഖുറേഷി ജയിൽമോചിതനായി മണിക്കൂറുകൾക്കകമാണ് വീണ്ടും അറസ്റ്റിലാവുന്നത്. പോലീസുകാർ ഖുറേഷിയെ മർദ്ദിച്ചതായും അറസ്റ്റ് നിയമവിരുദ്ധമെന്നും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി കുറ്റപ്പെടുത്തി. പോലീസും ജയിൽ അധികൃതരും മർദിക്കുകയും തള്ളുകയും വലിച്ചിഴക്കുകയും ഒടുവിൽ തടങ്കലിൽ വെക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പാർട്ടി പുറത്ത് വിട്ടിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ആദരിക്കപ്പെടുന്ന മുതിർന്ന രാഷ്ട്രീയക്കാരനും രാജ്യത്ത് സമാനതകളില്ലാത്ത സേവനമനുഷ്ഠിക്കുന്ന ഒരു വ്യക്തിയോടുള്ള ഈ പെരുമാറ്റം അധികാരത്തിന്റെ ധാർഷ്ട്യത്തിന്റെ അടയാളമാണ്. നിയമം തമാശയാക്കുകയും പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ പരസ്യമായി ലംഘിക്കപ്പെടുകയും ചെയ്തു. ഈ അടിച്ചമർത്തലും അനീതിയും പാക് ജനത ഒരിക്കലും മറക്കില്ലെന്ന് ഖുറേഷിയുടെ അറസ്റ്റിന് പിന്നാലെ പാക് തെഹ്രരീകെ ഇൻസാഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സുപ്രീം കോടതി എന്നെ ജാമ്യത്തിൽ വിട്ടയച്ചു, ഇത് അനീതിയാണ്, രാജ്യത്തെ സേവിച്ചതിന് ഞാൻ ശിക്ഷിക്കപ്പെടുകയാണെന്നാണ് ഖുറേഷി അറസ്റ്റിനിടെ ആക്രോശിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിലെ സോമനാഥക്ഷേത്രം തകർക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഏറെ വിമർശനം ഏറ്റുവാങ്ങിയ ആളാണ് ഖുറഷി. ഇമ്രാൻഖാനെ ജയിലാക്കിയതിന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്.
“രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ” ഏർപ്പെട്ടതിനും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശം വരുത്തുന്നതിനും ഉത്തരവാദികളായ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണ് ഖുറേഷിയെന്ന് റാവൽപിണ്ടി സിറ്റി പോലീസ് പറയുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിന് ശേഷം മെയ് 9 ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ നേരത്തെ പിടികൂടിയിരുന്നത്.











Discussion about this post