മോസ്കോ: റഷ്യയും ഇന്ത്യയും സംയുക്തമായി സൈനിക സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ വ്യക്തമായ പുരോഗതി കൈവരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. മോസ്‌കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണു ലാവ്‌റോവിന്റെ പ്രസ്താവന പുറത്ത് വന്നത്. ആഗോള ആയുധ നിർമ്മാണ മേഖലയിൽ ലോക ശക്തിയാകാൻ ഒരുങ്ങുന്ന ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിന് ഊന്നൽ കൊടുക്കുന്ന നീക്കമാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സൈനിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ സംരംഭത്തെ പൂർണ്ണമായും ഞങ്ങൾ പിന്തുണയ്ക്കുന്നു . നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് കോറിഡോർ ആരംഭിക്കുന്നതും ചെന്നൈ വ്‌ളാഡിവോസ്റ്റോക്ക് റൂട്ട് സ്ഥാപിക്കുന്നതും ഉൾപ്പെടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്ന നിരവധി നടപടികൾ താനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചയിൽ സ്വീകരിച്ചു. ലാവ്‌റോവ് പറഞ്ഞു.
ഇത്തരം സഹകരണം തന്ത്രപരമായ സ്വഭാവമുള്ളതാണെന്നും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കനുസൃതമാണെന്നും യൂറേഷ്യൻ ഭൂഖണ്ഡത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും ലാവ്‌റോവ് വ്യക്തമാക്കി.
സൈനിക സാങ്കേതിക വിദ്യയുടെ വിതരണക്കാരെ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ മോസ്കോ മാനിക്കുന്നുവെന്നും ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇന്ത്യയിൽ നിർമ്മിക്കാനുള്ള ന്യൂഡൽഹിയുടെ ആഗ്രഹത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ ആയുധ ഇറക്കുമതി ബഹുഭൂരിപക്ഷവും റഷ്യയിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫ്രാൻസ്, അമേരിക്ക,റഷ്യ, ഇസ്രായേൽ തുടങ്ങി വൈവിധ്യമായ വിതരണക്കാരിൽ നിന്നാണ് ഇന്ത്യ ആയുധങ്ങൾ മേടിക്കുന്നത്. അത് മാത്രമല്ല ഇപ്പോൾ സാങ്കേതികവിദ്യാ കൈമാറ്റവും ഇന്ത്യ വ്യാപാര ഉടമ്പടിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കാണ് റഷ്യ പൂർണ്ണ പിന്തുണ നൽകിയിരിക്കുന്നത്
Discussion about this post