ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു.തമിഴ് സിനിമയില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനഹൃദയം കീഴടക്കിയ സൂപ്പര്‍താരമായിരുന്നു അദ്ദേഹം.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നവംബര്‍ 20ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു വിജയകാന്ത്. ഏറെ നാളുകള്‍ ആശുപത്രിയില്‍ കഴിഞ്ഞശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ചൊവ്വാഴ്ച ആരോഗ്യനില വഷളാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കോവിഡ് ബാധിച്ചതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് കടന്നുവന്നത്. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. അദ്ദേഹത്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്.
2005ലാണ് വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ല്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റില്‍ മത്സരിച്ച് 29 എണ്ണത്തില്‍ വിജയിച്ചു. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു.
Discussion about this post