ന്യൂഡല്‍ഹി:ഇന്ത്യയില്‍ ഡിസംബര്‍ 28 വരെ ജെ എന്‍1 കോവിഡ് വകഭേദത്തിന്റെ 145 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. 145 കേസുകളില്‍ 41 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് , ഇന്ത്യയില്‍ 797 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ കേസുകളുടെ എണ്ണം 4,000 ആയി. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 41 രാജ്യങ്ങളില്‍ നിന്ന് ജെഎന്‍ 1 ഉപവകഭേദ കേസുകള്‍ 7,344 എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വ്യാപനശേഷി കൂടുതലുള്ളതും ആര്‍ജിത പ്രതിരോധശേഷിയെ മറികടക്കുന്നതുമായ ജെ എന്‍ വണ്‍ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കും എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആള്‍ക്കൂട്ടങ്ങളിലേക്ക് മാസ്‌കുമായി പോവുക, പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നിവയാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്.










