ന്യൂഡൽഹി : പുതുവർഷത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. അയോദ്ധ്യയിലെ പുതിയ വിമാനത്താവളമായ മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് അയോദ്ധ്യ ധാമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 30 ന് അയോദ്ധ്യയ്ക്കും ഡൽഹിക്കും ഇടയിലായി എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ വിമാന സർവീസ് ആരംഭിക്കും.
ഡൽഹി കൂടാതെ ബംഗളൂരുവും കൊൽക്കത്തയും ആണ് അയോദ്ധ്യയിലേക്കുള്ള വിമാന സർവീസിനായി എയർ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്ന മറ്റു നഗരങ്ങൾ. ദക്ഷിണേന്ത്യയിൽ നിന്നും കിഴക്കൻ ഇന്ത്യയിൽ നിന്നുമുള്ള തീർത്ഥാടകർക്ക് അയോദ്ധ്യയിലേക്കുള്ള യാത്ര സൗകര്യപ്രദം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് നഗരങ്ങളെ ആദ്യഘട്ടത്തിലുള്ള വിമാന സർവീസിനായി എയർ ഇന്ത്യ എക്സ്പ്രസ്സ് തിരഞ്ഞെടുത്തിരിക്കുന്നത്. പിന്നീട് കൂടുതൽ നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് സർവീസ് വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ബെംഗളൂരു-അയോദ്ധ്യ റൂട്ടിലെ ആദ്യ വിമാനം ജനുവരി 17-ന് 08:05-ന് പുറപ്പെട്ട് 10:35-ന് അയോദ്ധ്യയിൽ ഇറങ്ങും. മടക്ക വിമാനം 15:40 ന് അയോദ്ധ്യയിൽ നിന്ന് പുറപ്പെട്ട് 18:10 ന് ബെംഗളൂരുവിൽ എത്തും.
അയോദ്ധ്യ-കൊൽക്കത്ത റൂട്ടിലെ വിമാനം അയോദ്ധ്യയിൽ നിന്ന് 11:05 ന് പുറപ്പെട്ട് 12:50 ന് കൊൽക്കത്തയിൽ ഇറങ്ങും. കൊൽക്കത്ത-അയോദ്ധ്യ വിമാനം കൊൽക്കത്തയിൽ നിന്ന് 13:25 ന് പുറപ്പെട്ട് 15:10 ന് അയോദ്ധ്യയിൽ എത്തിച്ചേരുന്നതുമാണ്.
Discussion about this post