ന്യൂഡൽഹി: തലസ്ഥാനത്ത് ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അജ്ഞാതർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), എൻഐഎ, ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം അന്വേഷണത്തിനായി സ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് നിന്നുള്ള ചെടികളുടെയും മണ്ണിന്റെയും സാമ്പിളുകൾ എടുത്ത് സ്‌ഫോടനത്തിന്റെ സ്വഭാവവും സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു എന്താണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ചുള്ള റിപ്പോർട്ട് എൻഎസ്ജി ഉടൻ ഡൽഹി പോലീസിന് സമർപ്പിച്ചേക്കും.
ചൊവ്വാഴ്ച വൈകുന്നേരം 5:45 ഓടെയാണ് ഇസ്രായേൽ എംബസിയിൽ നിന്ന് 250 മീറ്റർ അകലെ നന്ദ ഹൗസിന് മുന്നിൽ സ്‌ഫോടനം നടന്നത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേൽ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത് പ്രദേശത്ത് നിന്നും കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവിയിൽ രണ്ട് പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അവരുടെ നീക്കങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post