ന്യൂഡല്‍ഹി;കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 743 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് മൊത്തം സജീവമായ കേസുകള്‍ 3,997 ആയി. രാജ്യത്ത് ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ മൂന്ന്, കര്‍ണാടകയില്‍ രണ്ട്, ഛത്തിസ്ഗഢിലും തമിഴ്‌നാട്ടിലും ഒരോ മരണവും.
ഇതോടെ 2020 മുതല്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,12,484 ആയി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം 2023 ഡിസംബര്‍ 29 വരെ 41,797 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഡിസംബര്‍ 28 വരെ ജെ എന്‍1 കോവിഡ് വകഭേദത്തിന്റെ 145 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. 145 കേസുകളില്‍ 41 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.വ്യാപനശേഷി കൂടുതലുള്ളതും ആര്‍ജിത പ്രതിരോധശേഷിയെ മറികടക്കുന്നതുമായ ജെ എന്‍ വണ്‍ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കും എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആള്‍ക്കൂട്ടങ്ങളിലേക്ക് മാസ്‌കുമായി പോവുക, പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ നിന്ന് അകന്ന് നില്‍ക്കുക എന്നിവയാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്.
Discussion about this post