Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Politics

അടിയന്തിരാവസ്ഥ – പോരാട്ടത്തിന്റെ സംഘഗാഥ

by Brave India Desk
Dec 26, 2019, 06:37 pm IST
in Politics
Share on FacebookTweetWhatsAppTelegram

1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ സ്വജീവിതം ഹോമിച്ച ധീരദേശാഭിമാനികളുടെ പട്ടടയിലാണ് രാഷ്ട്രം സ്വാതന്ത്ര്യ മന്ദിരം പടുത്തുയർത്തിയത് .
ജീവനും ജീവിതവും സ്വത്തും കുടുംബവും ഒരാദർശത്തിനു വേണ്ടി ബലികഴിക്കാൻ തയ്യാറായി മുന്നോട്ടു വന്നവരുടെ രക്തത്തിലും വിയർപ്പിലുമാണ് രാഷ്ട്രം സ്വാതന്ത്ര്യം രുചിച്ചത് . ഇനിയൊരിക്കലും ആരുടെ മുന്നിലും അതടിയറ വയ്ക്കില്ലെന്ന ജനതയുടെ നിശ്ചയദാർഢ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു 1975 ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനം .

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭങ്ങൾക്ക് നേരേ അതിഭീകരമായ മർദ്ദനങ്ങളും അടിച്ചമർത്തലുകളും ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ് . പക്ഷേ അതിന്റെ വാർത്തകളെങ്കിലും പുറത്തെത്തിയിരുന്നു . അതിഭീകരമായ ഏകാധിപത്യവും കേട്ടു കേൾവിയില്ലാത്ത മർദ്ദനമുറകളും നടമാടിയ അടിയന്തിരാവസ്ഥക്കാലത്ത് ഒരു വാർത്തകളും പുറത്തെത്തിയില്ല . സ്വാതന്ത്ര്യം അമൃതമാണെന്ന് പ്രഖ്യാപിച്ച് അത് നേടിയെടുത്ത ജനത പാരതന്ത്ര്യത്തിന്റെ പിടിയിലമർന്നു . ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാദ്ധ്യമങ്ങൾ കുനിയുക മാത്രമല്ല ചെയ്തത് . വാ മൂടി മുട്ടിലിഴയുകയായിരുന്നു .

Stories you may like

ഇസ്ലാമിസവും കമ്യൂണിസവുമാണ് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ; ഹിന്ദുത്വം ഒരിക്കലും ഭീകരതയുടെ മറുവശമാകില്ല

പാലത്തായി വിരൽ ചൂണ്ടുന്ന അപകടം – പോക്സോ കേസുകൾ മതതീവ്രവാദികൾ ആയുധമാക്കുമ്പോൾ

സ്വന്തം പൗരന്മാരുടെ അവകാശം അവരാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തന്നെ കവരുന്ന അവസ്ഥ . അക്രമികൾക്കും ഗുണ്ടകൾക്കും രാജ്യദ്രോഹികൾക്കുമെതിരെ ചുമത്താനെന്ന പേരിൽ കൊണ്ടുവന്ന മിസ നിയമം പ്രതിപക്ഷ നേതാക്കളുടെ മേൽ ചുമത്തുന്ന അവസ്ഥ. ആരെയും എന്ത് പേരിലും എവിടെവച്ചും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയുന്ന അവസ്ഥ. സ്ത്രീകളേയും കുട്ടികളേയും എന്തിന് വളർത്തുമൃഗങ്ങളേപ്പോലും ആക്രമിക്കാൻ പോലീസിനു കഴിയുന്ന അവസ്ഥ. അതെ അതൊക്കെയായിരുന്നു അടിയന്തിരാവസ്ഥ.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം . ജവഹർലാൽ നെഹ്രുവിനു ശേഷം പ്രധാനമന്ത്രിയാകണമെന്ന് ഇന്ദിരാഗാന്ധി ആശിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയായത് ലാൽ ബഹദൂർ ശാസ്ത്രിയാണ് . സ്വതവേ ദുർബലനെന്ന് തോന്നിച്ചിരുന്ന ശാസ്ത്രി എത്രയും പെട്ടെന്ന് കളമൊഴിയുമെന്ന് ഇന്ദിര ചിന്തിച്ചു . എന്നാൽ ശക്തനായ പ്രധാനമന്ത്രിയായി ശാസ്ത്രി മാറി . ഒടുവിൽ താഷ്കന്റിൽ വച്ച് ശാസ്ത്രി ദുരൂഹസാഹചര്യത്തിൽ മരിച്ചപ്പോഴാണ് മുതിർന്ന നേതാവായിരുന്ന മൊറാർജിയെ ഒതുക്കി ഇന്ദിര നേതൃസ്ഥാനത്തേക്ക് വരുന്നത് .

1967 ലെ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് അധികാരത്തിലേറിയ ഇന്ദിരാഗാന്ധിയിൽ അന്നേ തന്നെ ഏകാധിപത്യ പ്രവണതകൾ തലപൊക്കിയിരുന്നു. 1969 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ പരാജയപ്പെടുത്തി എതിർ പക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന വി വി ഗിരിയെ പ്രസിഡന്റാക്കിയതിനു പിന്നിൽ ഇന്ദിരയാണ് .റെഡ്ഡിയുടെ നാമനിർദ്ദേശ പത്രിക ഒപ്പിട്ടു സമർപ്പിച്ച ഇന്ദിര തന്നെയാണ് അദ്ദേഹത്തിനെതിരെ പ്രവർത്തിച്ചതെന്നോർക്കണം . അതോടെ കോൺഗ്രസ് പിളർന്ന് സംഘടന കോൺഗ്രസും ഇന്ദിര കോൺഗ്രസുമായി. പ്രിവിപേഴ്സ് നിർത്തലാക്കിയും ബാങ്കുകൾ ദേശസാൽക്കരിച്ചും പുരോഗന മുഖം മൂടിയണിഞ്ഞ ഇന്ദിരയെ ഒളിഞ്ഞും തെളിഞ്ഞും ഇടതുപക്ഷം സഹായിക്കുകയും ചെയ്തു.

1971 ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ദിര ഗാന്ധി അധികാരത്തിലേറി . ആ വർഷം പാകിസ്ഥാനുമായുള്ള യുദ്ധം നടക്കുകയും ഭാരതം വിജയിക്കുകയും ചെയ്തു. അതിന്റെ പേരിൽ സർക്കാരിനു ലഭിച്ച ജനപ്രീതിയുടെ മറവിലാണ് ഇന്ദിരയും ഉപജാപക വൃന്ദവും ഭാരതത്തെ നിയന്ത്രിത ജനാധിപത്യ സംവിധാനത്തിലേക്ക് നയിക്കാൻ ശ്രമിച്ചത് .

പാർലമെന്റിനെ നിർവീര്യമാക്കുക , ജുഡീഷ്യറിയെ കൂച്ചു വിലങ്ങിടുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ദിര ആവിഷ്കരിച്ചു . ഏകാധിപത്യത്തിലേക്ക് ഭാരതം ഞെരിഞ്ഞമർന്നു തുടങ്ങി .

ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന് സ്തുതി പാഠകർ ആർത്തു വിളിച്ചു . പ്രധാനമന്ത്രിക്കനുസരിച്ച് വിധിയെഴുതിയില്ല എന്നതിന് സീനിയറായ മൂന്ന് ജഡ്ജിമാരെ മറികടന്ന് എ എൻ റേയെ ചീഫ് ജസ്റ്റിസാക്കി. പാർലമെന്റിനെ നോക്കുകുത്തിയാക്കി .പല തീരുമാനങ്ങളും കോൺഗ്രസ് യോഗങ്ങളിൽ പ്രഖ്യാപിച്ചു തുടങ്ങി . തന്നെ വിമർശിക്കുന്ന പത്രങ്ങൾക്ക് നേരേ പ്രതികാര നടപടികൾ തുടങ്ങി . സഞ്ജയ് സേന , ഇന്ദിര ബ്രിഗേഡ് , നെഹ്രു ബ്രിഗേഡ് എന്നീ പേരുകളിൽ യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ഡൽഹിയിലെങ്ങും പേക്കൂത്ത് നടത്തി . രാജ്യം അരക്ഷിതാവസ്ഥയിലായി

അഴിമതിയിലും വിലക്കയറ്റത്തിലും രാജ്യം മുങ്ങി . റേഷൻ വെട്ടിക്കുറച്ചു. ബാങ്കു ദേശസാൽക്കരണവും പ്രിവിപേഴ്സ് നിർത്തലാക്കലും ഗരീബി ഹഠാവോ മുദ്രാവാക്യങ്ങളും പാവപ്പെട്ടവന് ഒന്നും നൽകിയില്ല .അസംതൃപതരായ അവർ പലയിടത്തും പ്രക്ഷോഭമാരംഭിച്ചു. 1973 ലെ ബഡ്ന്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു. അഴിമതി മുഖ്യന്മാർക്ക് കേന്ദ്രം സംരക്ഷണം നൽകുന്നതിനും വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിനു കഴിയാത്തതിനുമെതിരെ പ്രതിപക്ഷത്ത് നിന്ന് അടൽ ബിഹാരി വാജ്പേയിയുടെ ഉറച്ച വാക്കുകൾ പാർലമെന്റിൽ മുഴങ്ങി .

ഇങ്ങനെ രാജ്യമെങ്ങും അസംതൃപ്തി നടമാടവേയാണ് പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്ക് സ്വാതന്ത്ര്യസമരസേനാനിയും നിസ്വാർത്ഥനായ പൊതുപ്രവർത്തകനുമായ ജയപ്രകാശ് നാരായൺ കടന്നു വരുന്നത്. ഗുജറാത്തിൽ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അവിടുത്തെ കോൺഗ്രസ് സർക്കാർ അടിച്ചമർത്തിയപ്പോൾ അൻപതോളം പേരാണ് വെടിയേറ്റ് മരിച്ചത് . ബീഹാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സാരഥ്യമെറ്റെടുത്ത ജയപ്രകാശ് നാരായണൻ 1974 ഏപ്രിൽ 14 ന് ജനാധിപത്യത്തിനു വേണ്ടിയുള്ള പൗരസമിതി രൂപീകരിച്ചു. പാർലമെന്റിനെ ശക്തിപ്പെടുത്തലും പൗരാവകാശങ്ങൾ സംരക്ഷിക്കലുമുൾപ്പെടെ ആറിന പരിപാടികളാണ് ജെ പി മുന്നോട്ടു വച്ചത് .ഇത് ഇന്ദിരാഗാന്ധിയെ നേരിട്ട് കണ്ട് വിശദീകരിക്കാനും അദ്ദേഹം മറന്നില്ല. അങ്ങനെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അഴിമതി സർക്കാരിനെതിരേയുള്ള പ്രക്ഷോഭം ശക്തമായി .സമ്പൂർണ വിപ്ലവമാണ് ലക്ഷ്യമിടേണ്ടതെന്ന് വാജ്പേയി പ്രഖ്യാപിച്ചു. രംഗം പന്തിയല്ലെന്ന് ഇന്ദിരാഗാന്ധിക്കും മനസ്സിലായി.

അങ്ങനെയിരിക്കെ 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു . റായ് ബറേലിയിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയിലെ രാജ് നാരായൺ കൊടുത്ത കേസിലായിരുന്നു വിധി .തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടത്തിയ ഇന്ദിരയെ കോടതി അയോഗ്യയാക്കി . അതോടെ എം പി സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും നഷ്ടപ്പെടുമെന്ന അവസ്ഥയായി . പുതിയ നേതാവിനെ കണ്ടെത്താൻ ഇരുപത് ദിവസത്തെ സാവകാശം വേണമെന്ന് ഇന്ദിര കോടതിയിൽ അഭ്യർത്ഥിച്ചു. കോടതി അതനുവദിച്ചു

പുതിയൊരു നേതാവിനെ തെരഞ്ഞെടുക്കന്നായിരുന്നില്ല ഇന്ദിരയുടെ തീരുമാനം . ഹൈക്കോടതി വിധി എതുവിധേനെയും അട്ടിമറിക്കാനായിരുന്നു അവർ ശ്രമിച്ചത് . അതിനു വേണ്ടി ഡൽഹിയിൽ വലിയ ജാഥകൾ സംഘടിപ്പിക്കപ്പെട്ടു . അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും അണികളെയെത്തിച്ചു. പേഴ്സണൽ സെക്രട്ടറിയായ ആർ കെ ധവാനും നെഹ്രു കുടുംബത്തിലെ അടുത്ത കിരീടാവകാശിയായ സഞ്ജയ് ഗാന്ധിയുമാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. കേരളത്തിൽ നിന്നു പോലും സ്പെഷൽ ട്രെയിനിൽ കോൺഗ്രസുകാർ പ്രകടനത്തിനെത്തിയിരുന്നു .

കോടതിവിധിയുടെ സാഹചര്യത്തിൽ കമ്യൂണിസ്റ്റിതര പ്രതിപക്ഷം രാഷ്ട്രപതിയെക്കണ്ട് ഇന്ദിരയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടു. ആയിടയ്ക്കാണ് കോൺഗ്രസ് പ്രസിഡന്റ് ഡി കെ ബറുവയുടെ കുപ്രസിദ്ധമായ പരാമർശം വന്നത് . ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിരയും.

അലഹബാദ് വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിചിത്രമായ ഒരു വിധിയായിരുന്നു അന്ന് ജഡ്ജിയായിരുന്ന വി ആർ കൃഷ്ണയ്യർ പുറപ്പെടുവിച്ചത്. 1975 ജൂൺ 24 ന് പുറപ്പെടുവിച്ച വിധിയിൽ ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെന്ന് കോടതി പറഞ്ഞു . എം പി സ്ഥാനം നഷ്ടപ്പെടില്ല . എന്നാൽ വോട്ടവകാശം ഉണ്ടായിരിക്കില്ല . ലോകസഭാംഗത്തിന്റെ വേതനവും ലഭിക്കില്ല .

പ്രധാനമന്ത്രി സ്ഥാനമൊഴിയാത്തതിനെത്തുടർന്ന് ജനസംഘമടക്കമുള്ള പ്രതിപക്ഷകക്ഷികൾ പ്രക്ഷോഭം ശക്തമാക്കി . ജൂൺ 25 ന് രാം ലീലാ മൈതാനത്ത് ഇന്ദിര രാജിവെക്കണം എന്നാവശ്യപ്പെട്ട് ലക്ഷങ്ങൾ പങ്കെടുത്ത സമ്മേളനം ജെ പി യുടെ നേതൃത്വത്തിൽ നടന്നു . സിംഹാസനങ്ങൾ ഒഴിയുക ജനങ്ങളിതാ വരുന്നു എന്ന മുദ്രാവാക്യങ്ങളാൽ രാംലീല മൈതാനം പ്രകമ്പനം കൊണ്ടു.

ജൂൺ 29 ന് രാഷ്ട്രപതിഭവന് മുന്നിൽ റിലേസത്യാഗ്രഹം നടത്തുമെന്ന് നാനാജി ദേശ്മുഖ് പ്രഖ്യാപിച്ചു . എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് ആഹ്വാനമുണ്ടായി . പ്രക്ഷോഭങ്ങളുടെ തീ ഇന്ദിരയുടെ സിംഹാസനത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ സഫ്ദർ ജംഗ് റോഡിലെ നംബർ 1 ബംഗ്ലാവിൽ ഗൂഢാലോചനകൾ ആരംഭിച്ചു .

സഞ്ജയ് ഗാന്ധി , സിദ്ധാർത്ഥ ശങ്കർ റേ , ബൻസിലാൽ , ആർ കെ ധവാൻ എന്നിവരായിരുന്നു പ്രധാന ഉപജാപകർ . പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ തയ്യാറായിരിക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് രഹസ്യ സന്ദേശമയക്കപ്പെട്ടു . ജൂൺ 25 അർദ്ധരാത്രിയോടെ അധികാര പ്രമത്തയായ ഇന്ദിരാ പ്രിയദർശിനി അടിയന്തിരാവസ്ഥയുടെ കരട് പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിനെക്കൊണ്ട് ഒപ്പു വയ്പിച്ചു.

പിന്നീട് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ട പതിനെട്ട് മാസങ്ങൾ . പ്രതിഷേധിക്കാൻ സാധ്യതയുള്ളവരെ ആദ്യമേ തന്നെ തുറുങ്കിലടച്ചു . വാജ്പേയിയും ജയപ്രകാശ് നാരായണനും അദ്വാനിയും മൊറാർജി ദേശായിയും ബാലാസഹബ് ദേവറസുമെല്ലാം ജയിലിലായി . പത്രങ്ങളുടെ വാ മൂടാൻ സെൻസർ ഷിപ്പ് ഏർപ്പെടുത്തി . മദാം ഹിറ്റ്ലർക്കെതിരേയുള്ള ഒരു വാർത്തകളും വെളിച്ചം കണ്ടില്ല .

മിണ്ടിയാൽ മിസയും കയ്യനക്കിയാൽ ഡി ഐ ആറും പ്രതിഷേധിച്ചാൽ മർദ്ദനവും . പോലീസിന് ആരെയും എന്തും ചെയ്യാമെന്ന അവസ്ഥ . പതിനായിരങ്ങൾ പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപത്യത്തിലേക്ക് വഴിമാറി . എതിർക്കേണ്ടവർ മാളത്തിലൊളിച്ചു . എതിർത്തെഴുതേണ്ടവർ പേന ഏകാധിപതിക്കു വേണ്ടി ചലിപ്പിച്ചു.. മിസയും ഡി ഐ ആറും പത്രമാരണ നിയമവും പൊലീസ് തേർവാഴ്ചയും മൂലം ഭാരതം നിഷ്ക്രിയമായിക്കൊണ്ടിരുന്നു .വിദേശീയരെ കെട്ടുകെട്ടിക്കാൻ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടത്തിയ ഭാരതം സ്വദേശീയരെ താഴെയിറക്കാൻ ക്വിറ്റ് ഇന്ദിര പ്രക്ഷോഭം സംഘടിപ്പിക്കേണ്ട ഗതികേടിലെത്തി.

ഇനിയൊരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകില്ലേയെന്ന് സന്ദേഹങ്ങളുയർന്ന കാലം . ദേശാഭിമാന പ്രചോദിതരായ ഒരു കൂട്ടം ജനാധിപത്യ വിശ്വാസികൾ ഈ വെല്ലുവിളികളെ നേരിടാനുറച്ച് മുന്നോട്ടുവന്നു .ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ലോക സംഘർഷ് സമിതിയുടെ പ്രവർത്തനം ശക്തമായി . രാഷ്ട്രത്തിന് വേണ്ടി എന്റെ ജീവിതം പതിക്കട്ടെ എന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കുന്ന ഒരു സംഘടനയുടെ പിന്തുണയും സമിതിക്ക് ലഭിച്ചു .അതെ ഐതിഹാസികമായ രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് ആർ എസ് എസ് ഔപചാരികമായി പ്രവേശിക്കുകയായിരുന്നു .

ജനാധിപത്യം പുനസ്ഥാപിക്കാൻ രാജ്യമെങ്ങും പ്രതിഷേധങ്ങൾ അലയടിച്ചു . കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . സ്വാതന്ത്ര്യം തന്നെയമൃതം എന്നുദ്ഘോഷിച്ച് ആയിരങ്ങൾ സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി .ആർ എസ് എസും ജനസംഘവും അതിന് നേതൃത്വം നൽകി . മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ഭരണകൂട ഫാസിസത്തെ അവർ ധീരമായി നേരിട്ടു . പത്രമാരണ നിയമത്തിന് പുല്ലുവില കൽപ്പിച്ച്, കല്ലച്ചിലടിച്ച കുരുക്ഷേത്രങ്ങൾ നാടെങ്ങുമെത്തി .
ഒളിവിലെ തെളിനാളങ്ങളായി ആയിരക്കണക്കിന് പേർ പ്രവർത്തിച്ചു . അതിന്റെ പേരിൽ അവരനുഭവിച്ചത് കേട്ടു കേൾവിയില്ലാത്ത പീഡനങ്ങളായിരുന്നു . പലരും ജീവച്ഛവങ്ങളായി , ജീവിക്കുന്ന രക്തസാക്ഷികളായി . ചോരയുറയുന്ന മർദ്ദനമുറകളെ നിശ്ചയ ദാർഢ്യം കൊണ്ട് അതിജീവിച്ച ആർ എസ് എസിന്റെ സ്വയം സേവകർ പുതിയൊരു ചരിത്രം തന്നെ കേരളത്തിൽ രചിച്ചു.

അടിയന്തരാവസ്ഥയ്ക്കെതിരെ ജനാധിപത്യ ഭാരതം പ്രതികരിച്ചപ്പോൾ കേരളവും വെറുതേയിരുന്നില്ല . ഭാരതത്തിലെമ്പാടും പ്രധാന പ്രതിപക്ഷം അടിയന്തരാവസ്ഥയെ എതിർത്തപ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു . പ്രധാന പ്രതിപക്ഷമായ സിപിഎം അടിയന്തരാവസ്ഥയ്ക്കെതിരെ അഴകൊഴമ്പൻ നയമായിരുന്നു സ്വീകരിച്ചത് .

ഫാസിസത്തിന്റെ ഇന്ദിര പതിപ്പിനെ വളർത്തിയെടുത്തതിനു പിന്നിൽ ഇരു കമ്യൂണിസ്റ്റുകൾക്കും കാര്യമായ പങ്കുണ്ട് . 1969 ൽ കോൺഗ്രസ് പിളർപ്പിനെ തുടർന്ന് ഇന്ദിരയുടെ ഭരണത്തെ താങ്ങിനിർത്തുന്നതിൽ സി പി എമ്മും സി പി ഐയും നിർണായക പങ്കു വഹിച്ചിട്ടുണ്ട് . അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയ്ക്ക് കോൺഗ്രസുകാരേക്കാൾ കൂടുതൽ പിന്തുണ നൽകിയത് സി പി ഐയാണ് .പൗരാവകാശങ്ങളെ എന്നും അടിച്ചമർത്തി ഭരിച്ചിട്ടുള്ള സോവിയറ്റ് യൂണിയന്റെ പിന്തുണയും ഇന്ദിരയ്ക്കുണ്ടായിരുന്നു . കമ്യൂണിസ്റ്റ് പാർട്ടികളുടെ ഇന്ദിരാ പ്രേമത്തിന് ഇതും ഒരു കാരണമാണ് .

പ്രധാന പ്രതിപക്ഷം വിട്ടു നിന്നപ്പോൾ ജയപ്രകാശ് നാരായണന്റെ ലോക സംഘർഷ സമിതിയുമായി സഹകരിച്ചത് ആർ.എസ്.എസും ജനസംഘവും മാത്രമായിരുന്നു . സംഘടനാ കോൺഗ്രസും സോഷ്യലിസ്റ്റുകളും നാമമാത്രമായ പിന്തുണയാണ് നൽകിയത് . സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയിൽ അംഗമായത് കൊണ്ടാണ് സോഷ്യലിസ്റ്റുകൾ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ട് നിന്നത് .

എ കെ ജിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ എറണാകുളത്ത് അറസ്റ്റ് വരിച്ചു . ഭൂരിപക്ഷം പേരും താമസിയാതെ മോചിതരായി . എ കെ ജിയേയും ഇ എം എസിനേയും ജയിലിൽ നിന്ന് മോചിപ്പിച്ചു . സീനിയർ നേതാക്കളിൽ പലരും ജയിൽ മോചിതരായതോടെ സി പി എം അടവു നയത്തിലേക്ക് മാറി. തടി രക്ഷിച്ചു മാത്രം അടിയന്തിരാവസ്ഥയെ എതിർക്കുക എന്ന നയം സി പി എം പിന്തുടർന്നു .

അടിയന്തരാവസ്ഥയിൽ ആദ്യം തന്നെ അകത്തായ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി രാഘവന് ലോക്കപ്പിൽ കാര്യമായ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട് . നിരവധി തവണ സാങ്കൽപ്പിക കസേരയിൽ ഇരിക്കേണ്ടി വന്ന രാഘവൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ചോദിച്ചത് ദേശാഭിമാനിക്കാരെല്ലാം ഗവേഷണത്തിലും ഞങ്ങളെല്ലാം അടി കൊണ്ട് ജയിലിലും . ഇതാണോ പാർട്ടി എന്നായിരുന്നു . ദേശാഭിമാനി പത്രാധിപരായിരുന്ന പി ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പ് വാങ്ങി മൈസൂറിൽ ഗവേഷണം നടത്തുകയായിരുന്നു . ഇതാണ് രാഘവനെ ചൊടിപ്പിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ലോക സംഘർഷ സമിതിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കണമെന്ന് നേതാക്കളായ മൊറാർജിയും നാനാജി ദേശ്മുഖും നിർദ്ദേശം നൽകിയിരുന്നു . പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ സി പി എമ്മിനെ അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ക്ഷണിച്ച ലോക സംഘർഷ സമിതിക്ക് പക്ഷേ നിരാശരാകേണ്ടി വന്നു .

ഇ എം എസിനെ കാണാൻ അനുവാദം ചോദിച്ച ലോകസംഘർഷ സമിതി സംസ്ഥാന സെക്രട്ടറി കെ രാമൻ പിള്ളയ്ക്ക് ഇ എം എസ് ദർശനം നൽകിയില്ല . പകരം വി എസ് അച്യുതാനന്ദനാണ് രാമൻ പിള്ളയെ കണ്ടത് . പോലീസ് അറസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നവരെ കാണാൻ ഇ എം എസിനു താത്പര്യമില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ലോക സംഘർഷ സമിതിയുമായി സഹകരിക്കാൻ സി പി എമ്മില്ലെന്ന് വി എസ് വ്യക്തമാക്കുകയും ചെയ്തു

സിപിഎമ്മിന്റെ മാത്രമല്ല മറ്റ് ചിലരുടെ സമീപനങ്ങളും വ്യത്യസ്തമായിരുന്നില്ല . ആദ്യ അറസ്റ്റിൽ ജയിലിലായ ബാലകൃഷ്ണപിള്ളയും കെ എം ജോർജ്ജും പിന്നീട് ഇരുപതിനത്തിനും ഇന്ദിരയ്ക്കും കൂറു പ്രഖ്യാപിച്ച് മന്ത്രിമാരായി. കോൺഗ്രസിലെ ശങ്കരനാരായണൻ ഇരുട്ടി വെളുത്തപ്പോൾ ഇന്ദിര കോൺഗ്രസിലേക്ക് കാലുമാറി . സോഷ്യലിസ്റ്റായിരുന്ന സി ജി ജനാർദ്ദനൻ പിന്നീട് ഇന്ദിര കോൺഗ്രസുമായി സഹകരിച്ചു പോകാൻ തീരുമാനിച്ചു . എം പി വീരേന്ദ്രകുമാർ തമിഴ്നാട്ടിൽ പോയി ഒളിച്ചു കഴിഞ്ഞു .അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ വായിൽ സംസാരിച്ചെങ്കിലും സോഷ്യലിസ്റ്റുകളോ സംഘടനാ കോൺഗ്രസുകാരോ സത്യാഗ്രഹവുമായി സഹകരിച്ചില്ല. സി പി ഐയാകട്ടെ നാണംകെട്ട ഇന്ദിരാദാസ്യത്തിലായിരുന്നു താനും .

ബുദ്ധിജീവികളാകട്ടെ തടി രക്ഷിക്കാൻ ഇന്ദിരയുടെ സഹസ്രനാമങ്ങൾ എഴുതി തൂലികയെപ്പോലും നാണിപ്പിച്ചു. എഴുത്തോ നിന്റെ കഴുത്തോ എന്നു തുടങ്ങുന്ന ചെറുകുറിപ്പെഴുതി എം ഗോവിന്ദൻ വ്യത്യസ്തനായി . ഒ വി വിജയനും ആനന്ദും എം പി നാരായണ പിള്ളയും എം സുകുമാരനും കാക്കനാടനുമുൾപ്പെടെയുള്ളവർ സെൻസറിന്റെ കണ്ണുവെട്ടിച്ച് പ്രതീകാത്മകമായി എതിർപ്പുയർത്തി . എന്നാൽ ഇന്ത്യൻ ജനത കൈക്കൊണ്ട ധീരവ്രതമാണ് അടിയന്തരാവസ്ഥയെന്ന് സുകുമാർ അഴീക്കോട് വീക്ഷണം പത്രത്തിലെഴുതി അടിയന്തരാവസ്ഥയ്ക്ക് കൂറ് പ്രഖ്യാപിച്ചു.

പ്രതികരിക്കേണ്ടവർ മിസയെപ്പേടിച്ച് മാളത്തിലൊളിച്ചപ്പോൾ ജനാധിപത്യത്തിനു വേണ്ടി അവസാനം വരെ പോരാടാൻ തയ്യാറായി രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ടു വന്നു . 1975 ജൂൺ 30 ന് തന്നെ ആർ എസ് എസിന്റെ സർസംഘചാലക് ബാലാസാഹബ് ദേവറസ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു . ഇന്ദിരയുടെ ഏകാധിപത്യത്തെ സർവ ശക്തിയുമുപയോഗിച്ചെതിർത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തുകൊണ്ടാണ് ദേവറസ് ജയിലിലേക്ക് പോയത് .

ജൂലായ് രണ്ടിന് കേരളത്തിലെ ജനസംഘത്തിന്റെ കാര്യാലയങ്ങളും ജന്മഭൂമി , കേസരി ഓഫീസുകളും പോലീസ് സീൽ ചെയ്തു .മൂന്നിന് രാവിലെ ജന്മഭൂമി മാനേജിംഗ് ഡയറക്ടർ യു ദത്താത്രേയ റാവുവിനെ ഡി എസ് പി ലക്ഷ്മണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു . ജനസംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ റാവുവിനെ കണ്ണുകെട്ടി വലിച്ചിഴച്ചാണ് വാനിൽ കയറ്റിയത് .

മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള എസ് പി ഓഫീസിലെത്തിച്ച അദ്ദേഹത്തെ ഉരുട്ടൽ ഉൾപ്പെടെയുള്ള കിരാത മർദ്ദനങ്ങൾക്ക് വിധേയനാക്കി . മൂന്നു ദിവസം ഭക്ഷണം പോലും നൽകിയില്ല. ഒടുവിൽ തിരുവനന്തപുരം ജയിലിലെത്തിയപ്പോഴാണ് ആഹാരം കൊടുത്തത് . പത്തൊൻപത് മാസത്തെ ജയിൽ ജീവിതത്തിനു ശേഷം 1977 ജനുവരി അവസാനമാണ് ജയിൽ മോചിതനായത് .

യു ദത്താത്രേയ റാവുവിനേറ്റ മർദ്ദനം ഒരു തുടക്കം മാത്രമായിരുന്നു . ആർ എസ് എസിനെ അടിച്ചൊതുക്കുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച് കരുണാകരന്റെ പ്രത്യേക നിർദ്ദേശത്തോടെ പോലീസ് രംഗത്തിറങ്ങി . കേട്ടു കേൾവിയില്ലാത്ത മർദ്ദനമുറകളായിരുന്നു പോലീസ് പ്രയോഗിച്ചത് . പക്ഷേ ആർ എസ് എസിന്റെയും ജനസംഘത്തിന്റെയും പ്രവർത്തകരുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മർദ്ദകർക്ക് മുട്ടുമടക്കേണ്ടി വന്നു .

സെൻസർഷിപ്പിനെ നാണം കെടുത്തി കേരളമെങ്ങും ജനസന്ദേശവും കുരുക്ഷേത്രവുമെത്തി . ഗാന്ധിജിയുടെ സമരമുറകൾ പിന്തുടർന്ന് രണ്ട് മാസം തുടർച്ചയായി നിശ്ചയിച്ച തീയതികളിൽ സത്യഗ്രഹ സമരം നടന്നു . ഭയകൗടില്യലോഭങ്ങൾ വളർത്തില്ലൊരു നാട്ടിനെ എന്ന സ്വദേശാഭിമാനിയുടെ പ്രഖ്യാപനം നെഞ്ചിലേറ്റി ഇന്ദിരാധിപത്യത്തെ ആർ.എസ്.എസ് സധൈര്യം നേരിടുക തന്നെ ചെയ്തു .

മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ജനാധിപത്യത്തിനു വേണ്ടി പോരാടിയവരെക്കൊണ്ട് കരുണാകരന്റെ ജയിലറകൾ നിറഞ്ഞു . ആത്മബലിക്കാണെങ്കിലും ഞാൻ മുൻപേ എന്ന മത്സര ബുദ്ധിയോടെ പിന്നെയും സത്യഗ്രഹികൾ മുന്നോട്ടു വന്നു .ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച് രാഷ്ട്രീയ സ്വയംസേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് .

പത്രമാരണ നിയമത്തിനെതിരെ ഐതിഹാസികമായ പോരാട്ടം തന്നെയാണ് കേരളത്തിൽ നടന്നത് . പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് മേനി പറയുന്ന പത്രങ്ങളെല്ലാം കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞു. എതിർത്തവരുടെ ഓഫീസും പ്രസും കണ്ടുകെട്ടി . വിപ്ലവ പത്രങ്ങൾ സെൻസറിനു വിധേയമായി പ്രവർത്തിച്ചു . അടിയന്തരാവസ്ഥയുടെ ക്രൂരതകൾ പുറത്തെത്താതായി.

എന്നാൽ സെൻസർഷിപ്പിനെ തോൽപ്പിച്ച് , പോലീസിന്റെ കണ്ണുവെട്ടിച്ച് നാടെങ്ങും കുരുക്ഷേത്രമെത്തി . കുരുക്ഷേത്രം അച്ചടിക്കുന്നതിനു മുൻപ് കല്ലച്ചിലടിച്ച ജനസന്ദേശം ജൂലൈ 5 ന് തന്നെ പുറത്തിറങ്ങിയിരുന്നു . പിന്നീട് ആഗസ്റ്റ് 21 മുതലാണ് കുരുക്ഷേത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയത് . രഹസ്യപോലീസ് തലകുത്തി നിന്നിട്ടും കുരുക്ഷേത്രമടിക്കുന്ന പ്രസ് കണ്ടുപിടിച്ചില്ല . അങ്ങനെയൊരു പ്രസില്ലായിരുന്നുവെന്നതാണ് സത്യം.

എഴുതുന്നതൊരിടത്ത് ,സമാഹരിക്കുന്നതൊരിടത്ത് , അച്ചടിക്കുന്നത് മറ്റൊരിടത്ത് , അച്ചടിക്കാൻ കൊടുക്കുന്നതൊരാൾ , വാങ്ങുന്നത് മറ്റൊരാൾ , പ്രചാരണം വേറൊരാൾ, ആർ എസ് എസിന്റെ സംഘടനായന്ത്രം എണ്ണയിട്ടതു പോലെ പ്രവർത്തിച്ചപ്പോൾ കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ എല്ലാ മാസവും പുറത്തിറങ്ങി .സർക്കുലേഷൻ അൻപതിനായിരം കടന്നു . കുരുക്ഷേത്രത്തെ പത്തു ദിവസത്തിനുള്ളിൽ പൂട്ടിക്കെട്ടുമെന്ന് പ്രഖ്യാപിച്ച പോലീസ് ഏമാന്റെ ജീപ്പിൽ പോലും കുരുക്ഷേത്രമെത്തിയത് അധികാരികളെ ഞെട്ടിച്ചു.

1975 നവംബർ 14 മുതൽ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സത്യഗ്രഹം നടത്തി അടിയന്തരാവസ്ഥയോട് പ്രതിഷേധിക്കാൻ ലോക സംഘർഷസമിതി തീരുമാനിച്ചു. പ്രധാന പ്രതിപക്ഷമായ മാർക്സിസ്റ്റ് പാർട്ടി വിട്ട് നിന്നത് മൂലം കേരളത്തിൽ ലോകസംഘർഷ സമിതിയെന്നാൽ ആർ എസ് എസും ജനസംഘവും മാത്രമായിരുന്നു . എം പി മന്മഥന്റെ സർവോദയ സംഘത്തിൽ നിന്ന് നാമമാത്രമായ പിന്തുണ ലഭിച്ചു.
ഏകീകൃതമായ ഒരു സമരം ഒരേ നേതൃത്വത്തിൽ , നിശ്ചിത സ്ഥലങ്ങളിൽ അടിയന്തരാവസ്ഥയ്ക്കെതിരെ അഖില ഭാരത അടിസ്ഥാനത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് 1975 നവംബർ 14 ന് ആരംഭിച്ച സത്യഗ്രഹ പരിപാടിയാണ്.

നമ്മുടെ പവിത്രദേശത്തിൽ അസത്യം അന്യായം മർദ്ദനം എന്നിവയ്ക്കെതിരെ തുടങ്ങിയിട്ടുള്ള ധർമ്മയുദ്ധത്തിൽ ഞാൻ അതിയായ സന്തോഷത്തോടെ സ്വമനസ്സാലെ ഭാഗഭാക്കാകുന്നുവെന്ന പ്രതിജ്ഞ ചൊല്ലിയാണ് സത്യഗ്രഹികൾ ഇന്ദിരാധിപത്യത്തെ നേരിട്ടത് . എന്ത് സംഭവിച്ചാലും അക്രമം നടത്തില്ലെന്ന നിശ്ചയ ദാർഢ്യത്തോടെ സത്യഗ്രഹം നടത്തിയവരെ ക്രൂരമായ മർദ്ദനമുറകൾ കൊണ്ടാണ് പോലീസ് നേരിട്ടത് .

ആർ എസ് എസിന്റെ ആലപ്പുഴ ജില്ലാ പ്രചാരകായിരുന്ന വൈക്കം ഗോപകുമാർ കൊടിയ മർദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് . പതിമൂന്ന് ദിവസങ്ങൾ ഉരുട്ടലും കാവടിയാട്ടവും അടക്കമുള്ള മർദ്ദനമുറകൾ പോലീസ് അദ്ദേഹത്തിൽ പ്രയോഗിച്ചു . കുരുക്ഷേത്രം വിതരണം ചെയ്തതിന് കോട്ടയത്തെ കൃഷ്ണകുമാറിന് അനുഭവിക്കേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളാണ് .കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ പ്രസിൽ നിന്ന് കിട്ടിയതിന്റെ പേരിൽ എബ്രഹാം ഈപ്പൻ എന്ന ജനസംഘം പ്രവർത്തകനെ പോലീസ് ക്രൂരമായി മർദ്ദിച്ചത് വൈക്കം ഗോപകുമാറിന്റെ ഓർമകളിലുണ്ട്.

അമ്പലവയലിലെ ആർ എസ് എസ് മണ്ഡൽ കാര്യവാഹായിരുന്ന ബാലകൃഷ്ണനെയും സംഘത്തെയും സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് രാത്രി തമിഴ്നാടതിർത്തിയിലെ വനത്തിൽ ഇറക്കിവിട്ടു . മർദ്ദനത്തിൽ അവശരായ അവർ ഇരുളിൽ തപ്പിത്തടഞ്ഞെത്തിയത് കാട്ടാനകൾക്കു മുൻപിൽ . എന്നാൽ പോലീസ് കാട്ടാളർ കാട്ടാത്ത ദയ കാട്ടാനകൾ കാണിച്ചതുകൊണ്ട് അവർ രക്ഷപ്പെട്ടു. ഇങ്ങനെ നിരവധി ആർ എസ് എസ് ജനസംഘം പ്രവർത്തകർ അതിക്രൂരമായ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചു .

ചിലരെ സത്യഗ്രഹം നടത്തിയിടത്ത് വച്ചു തന്നെ ക്രൂരമായി മർദ്ദിച്ചു . അറസ്റ്റ് ചെയ്തതിനു ശേഷം ലോക്കപ്പിൽ വച്ച് മർദ്ദനമേറ്റവരും നിരവധിയാണ് . കുറച്ച് ദിവസത്തെ മർദ്ദനത്തിനു ശേഷം മിസയിലുൾപ്പെടുത്തി അതിന്റെ പേരിലും മർദ്ദനം നേരിടേണ്ടി വന്നവരുണ്ട്. പുന്നപ്രയിലെ വിശ്വംഭരൻ , ശശി , അത്തോളിയിലെ ശിവദാസ് , ബാലുശ്ശേരിയിലെ ദേവേശൻ , ആലുവയിലെ വേലായുധൻ തുടങ്ങിയവർ നാൽപ്പത് വർഷങ്ങൾക്ക് ശേഷവും പോലീസ് മർദ്ദനത്തിന്റെ ഫലം അനുഭവിക്കുന്നവരിൽ ചിലർ മാത്രമാണ് .

സത്യഗ്രഹ സമരത്തിൽ സ്ത്രീകളും ഒട്ടും പിന്നിലായിരുന്നില്ല . ജനസംഘത്തിന്റെ നേതാക്കളായ ടി പി വിനോദിനി അമ്മയും , ക്ഷീരസാഗരകന്യയും , സീതാലക്ഷ്മിയും , ഉൾപ്പെടെയുള്ളവർ സത്യഗ്രഹം നടത്തി അറസ്റ്റ് വരിച്ചു . കൈക്കുഞ്ഞുമായി സത്യഗ്രഹത്തിൽ പങ്കെടുത്തവർ പോലുമുണ്ടായിരുന്നു . . 1976 ജനുവരി 1 ന് ഏലൂരിൽ സത്യഗ്രഹം നടത്തിയ സ്ത്രീകൾക്ക് നേരേ പോലീസുകാർ ലാത്തിച്ചാർജ്ജ് നടത്തി . ഒരു വനിതാ പോലീസുകാരി പോലും ആ മർദ്ദക സംഘത്തിലുണ്ടായിരുന്നില്ല . നിഷ്ഠുരമായ പീഡനമുറകൾ അരങ്ങേറിയിട്ടും രണ്ടാമതും മൂന്നാമതും സത്യഗ്രഹം നടത്താൻ വീരാംഗനമാർ മുന്നോട്ടു വന്നിരുന്നു.

1975 നവംബർ 14 ന് തുടങ്ങി 1976 ജനുവരി 26 വരെ നീണ്ടു നിൽക്കുന്ന സത്യഗ്രഹമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ തീരുമാനിക്കപ്പെട്ടത് . ചോരയുറയുന്ന കടുത്ത മർദ്ദനങ്ങൾ അരങ്ങേറിയിട്ടും തീരുമാനം അണുവിട തെറ്റാതെ നടക്കുക തന്നെ ചെയ്തു.. ഒന്നരലക്ഷത്തോളം പേർ ഇന്ത്യയിലാകെ സത്യഗ്രഹത്തിൽ പങ്കെടുത്തു. കേരളത്തിൽ എണ്ണായിരത്തോളം പേരാണ് സത്യഗ്രഹത്തിൽ പങ്കെടുത്തത് . അറസ്റ്റ് വരിച്ചവരുടെ എണ്ണം 4645.

പോലീസ് മർദ്ദനത്തിനൊപ്പം കേരളത്തിൽ അഴിഞ്ഞാടിയ മറ്റൊരു വിഭാഗമുണ്ട് . അത് കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസാണ് . പല സ്റ്റേഷനുകളിലും പോലീസിന്റെ മൗനാനുവാദത്തോടെ യൂത്ത് കോൺഗ്രസുകാർ സത്യഗ്രഹികളെ മർദ്ദിച്ചിട്ടുണ്ട് . പുറത്ത് അവരുടെ വീടുകൾ ആക്രമിച്ചിട്ടുണ്ട് . ഓഫീസുകൾ തല്ലിത്തകർത്തിട്ടുണ്ട് . ഇന്ന് ജനാധിപത്യത്തിന്റെ വെള്ളരിപ്രാവുകൾ എന്ന് നടിക്കുന്ന കോൺഗ്രസ് അടിയന്തരാവസ്ഥക്കാലത്ത് അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു .മിസയിൽ പെടുത്തുമെന്ന് പേടിപ്പിച്ച് പണം പിരിച്ച നിരവധി സംഭവങ്ങളും അന്ന് കേരളത്തിൽ നടന്നു . എന്തിന് ആഭ്യന്തര മന്ത്രി കരുണാകരൻ വരെ മിസയുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

അടിയന്തരാവസ്ഥ ഒരു വർഷം പിന്നിട്ടതോടെ ഭാരതത്തിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു . പലയിടങ്ങളിലും പ്രകടനങ്ങൾ നടന്നു . സോഷ്യലിസ്റ്റുകളുടേയും ആർ എസ് എസിന്റെയും പ്രവർത്തകർ വിദേശത്ത് നടത്തിയ ഇടപെടലിലാണ് ഈ സാഹചര്യം സംജാതമായത് . ലോകമെങ്ങുമുള്ള പൗരാവകാശ പ്രവർത്തകർ ഇന്ദിരയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിച്ചു തുടങ്ങി. ഒപ്പം നിരന്തര പ്രചാരണങ്ങളുമായി ലോകസംഘർഷ സമിതിയുടെ പ്രവർത്തനങ്ങളും ശക്തി പ്രാപിച്ചു.

തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഐക്യരാഷ്ട്ര സഭ ഇടപെടുന്ന ഘട്ടമെത്തി. ലോകത്തിനു മുന്നിൽ ഏകാധിപതിയായി അറിയപ്പെടാൻ ഇന്ദിര ഗാന്ധിക്ക് താത്പര്യമില്ലായിരുന്നു . 1976 നവംബറിൽ പാർലമെന്റിന്റെ കാലാവധി ഒരുവർഷം കൂടി ദീർഘിപ്പിച്ച ഇന്ദിരയ്ക്ക് 1977 ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നത് അതുകൊണ്ടാണ് . മാത്രമല്ല മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട സർക്കാരനുകൂല വാർത്തകൾ തന്നെ വീണ്ടും അധികാരത്തിലേറ്റുമെന്ന അത്യാഗ്രഹം ഇന്ദിരയ്ക്കുണ്ടായിരുന്നു . ഉപജാപകവൃന്ദം നടത്തിയ രഹസ്യ സർവേയിൽ ഇന്ദിര തന്നെ അധികാരത്തിൽ വരുമെന്നായിരുന്നു കണ്ടെത്തിയത് .

എന്നാൽ ജനാധിപത്യഭാരതം ഇന്ദിരാധിപത്യത്തിനെതിരെ വിധിയെഴുതി. 1977 മാർച്ച് 16 മുതൽ 20 വരെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർത്തെറിയപ്പെട്ടു . ജനസംഘവും സോഷ്യലിസ്റ്റുകളും മറ്റ് കമ്യൂണിസ്റ്റിതര പ്രതിപക്ഷകക്ഷികളും ചേർന്ന് രൂപീകരിച്ച ജനത പാർട്ടി അധികാരത്തിലേറുമെന്ന് ഉറപ്പായി . തന്റെ ഏകാധിപത്യ ദുർമ്മോഹങ്ങൾ അവസാനിച്ചുവെന്ന് ഇന്ദിര മനസ്സിലാക്കി . ഇനിയും അടിയന്തരാവസ്ഥ പിൻവലിച്ചില്ലെങ്കിൽ മിസ നിയമപ്രകാരം തടങ്കലിലാകുന്നത് താനാകുമെന്ന് അവർ ഭയന്നു . അങ്ങനെ 1977 മാർച്ച് മാർച്ച് 23 ന് അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു.

പൗരാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി ലോകസംഘർഷ സമിതിയെ മുൻ നിർത്തി രാഷ്ട്രീയ സ്വയംസേവക സംഘം നടത്തിയ ഐതിഹാസികമായ പോരാട്ടം എതിർപക്ഷക്കാരെപ്പോലും അത്ഭുതപ്പെടുത്തി.എന്തെങ്കിലുമൊരു ശ്രേഷ്ഠമായ ആദർശത്തിന്റെ പ്രേരണയില്ലെങ്കിൽ സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഇത്തരമൊരു പ്രവർത്തനം നടത്താൻ ആർ എസ് എസിനു കഴിയുമായിരുന്നില്ലെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ലോകത്തെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവ പ്രസ്ഥാനമാണ് ആർ എസ് എസെന്ന് ലണ്ടനിലെ എക്കണോമിസ്റ്റ് വാരിക എഴുതി.ആർ എസ് എസ് ഫാസിസ്റ്റാണെങ്കിൽ താനും ഫാസിസ്റ്റാണെന്ന് ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ചു

എന്നാൽ ജനാധിപത്യം പുനസ്ഥാപിക്കാൻ സംഘം നടത്തിയ വിപ്ലവകരമായ പോരാട്ടത്തെ തമസ്കരിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട് . പ്രസിദ്ധിക്ക് നേരേ പുറം തിരിഞ്ഞ് നില്ക്കുന്ന ആർ എസ് എസിന്റെ സ്വഭാവം തത്പരകക്ഷികൾ മുതലെടുക്കുകയും ചെയ്തു . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ പ്രസിദ്ധീ പരാങ്മുഖരായി സ്വയമൊതുങ്ങുമ്പോൾ ഒന്നും ചെയ്യാത്തവർ വീരനായകരാകുന്ന അവസ്ഥ.

ജനലക്ഷങ്ങൾ പൊരുതി നേടിയ സ്വാതന്ത്ര്യം ഒരേകാധിപതിക്ക് മുന്നിൽ പണയം വയ്ക്കാനുള്ളതല്ല എന്ന ശക്തമായ സന്ദേശം നൽകിയാണ് ഐതിഹാസികമായ രണ്ടാം സ്വാതന്ത്ര്യ സമരം അവസാനിച്ചത് . സഹനസമരം നടത്തിയ സത്യഗ്രഹികളിൽ നിരവധി പേർ ഇന്നുമുണ്ട് . ത്യാഗധനരായ എത്രയോ ദേശാഭിമാനികൾ ആരാലും അറിയപ്പെടാൻ ആഗ്രഹമില്ലാതെ ഇന്നും ജീവിക്കുന്നുണ്ട്

ഏകാധിപത്യത്തിന്റെ കൊടുങ്കാറ്റിനിടയിലും സ്വാതന്ത്ര്യ ദീപത്തിന്റെ ചെറുനാളം അണയാതെ സൂക്ഷിച്ച സമര പോരാളികൾക്ക്  അഭിവാദ്യങ്ങളർപ്പിക്കുന്നു.

Tags: vayujithfeaturedആർ.എസ്.എസ്
Share23TweetSendShare

Latest stories from this section

മോദിയും ട്രമ്പും പിന്നെ മറ്റു ചിലരും ; ഒരു ഭീഷണിയുടെ കഥ

സിപിഎമ്മും ജമ അത്തെ ഇസ്ലാമിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?

ചാനൽ റൂമിലെ ബാക്ടീരിയകൾ

കമ്മികളുടെ തള്ളും ക്യൂബയിലെ ഡോക്ടർ ചെണ്ടകളും

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies