ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉടൻതന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിലവിൽ വന്നാൽ മുത്തലാഖ് പോലുള്ള പല പ്രശ്നങ്ങളും സംസ്ഥാനത്ത് നിയമവിരുദ്ധമാകുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ മതങ്ങളിലുമുള്ള ആളുകൾക്ക് വേണ്ടിയുള്ള വ്യക്തിഗത നിയമങ്ങളുടെ ഒരു പൊതു കോഡാണ് ഏകീകൃത നിയമമെന്ന് അദ്ദേഹം വ്യക്തമാക്കി. രാമഭക്തർക്ക് നേരെ വെടിയുതിർത്തതിന് ഉത്തരവാദികളായ ആളുകൾ ഒരിക്കലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയോ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയോ മുത്തലാഖ് നിർത്തലാക്കുകയോ ചെയ്യില്ലെന്ന് പ്രതിപക്ഷ പാർട്ടികൾക്കെതിരെ അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു.
മഥുരയിൽ സാധ്വി ഋതംഭരയുടെ ‘സന്യാസ’ത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിനായി വൃന്ദാവനിലെ വാത്സല്യ ഗ്രാമത്തിൽ സംഘടിപ്പിച്ച ഷഷ്ഠി പൂർണി മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പുഷ്കർ സിംഗ് ധാമി. സാധ്വി ഋതംഭരയുടെ വാത്സല്യവും അനുഗ്രഹവുമാണ് കൂടുതൽ ഊർജ്ജസ്വലതയോടെയും ശക്തിയോടെയും ജനങ്ങളെ സേവിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ധാമി വ്യക്തമാക്കി.
Discussion about this post