കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരെ ഇരുട്ടിലാക്കി അധികൃതർ. ദിവസങ്ങളായി ബീച്ചിലും പരിസരത്തും ഉണ്ടായിരുന്ന ദീപാലങ്കാരങ്ങൾ അപകടമൊഴിവാക്കാനെന്ന പേരിൽ രാത്രിയോടെ അണച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ബീച്ചിലും പരിസരത്തും പ്രത്യേക രീതിയിൽ ഒരുക്കിയിരുന്ന ദീപാലങ്കാരങ്ങളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലും മറ്റും കണ്ടും കേട്ടും എത്തിയവരെയാണ് അധികൃതർ മണിക്കൂറുകളോളം നിരാശയിലാക്കിയത്. തിരക്ക് കൂടുമ്പോൾ കുട്ടികൾ ദീപാലങ്കാരങ്ങൾക്ക് സമീപം ഫോട്ടോയെടുക്കാനും മറ്റും എത്തുമെന്നും വൈദ്യുതാഘാതമേൽക്കാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞാണ് രാത്രിയോടെ ലൈറ്റുകൾ ഓഫ് ചെയ്തത്.
ഞായറാഴ്ചയും പുതുവർഷവും കണക്കിലെടുത്ത് പതിവിലും കൂടുതൽ ജനക്കൂട്ടമായിരുന്നു ബീച്ചിലും പരിസരത്തും ഉണ്ടായിരുന്നത്. കുടുംബത്തോടൊപ്പം എത്തിയവർക്ക് പുറമേ അയൽ ജില്ലകളിൽ നിന്നും കോഴിക്കോടിന്റെ വൈബ് ആസ്വദിക്കാൻ ആളുകൾ സംഘമായി എത്തിയിരുന്നു. കൂടുതലും യുവാക്കളായിരുന്നു. എന്നാൽ വെളിച്ചം അണച്ച് ബീച്ചും പരിസരവും ഇരുട്ടിലായതോടെ ഇവർ നിരാശയിലായി. പ്രതീക്ഷയോടെ എത്തിയവർ പ്രതിഷേധത്തിന്റെ സ്വരമുയർത്തി. മൊബൈലിൽ ഫ്ളാഷ് ലൈറ്റ് കൂട്ടത്തോടെ തെളിയിച്ചും കൂക്കി വിളിച്ചും ഇവർ പ്രതിഷേധം പ്രകടിപ്പിച്ചു.
ലൈറ്റുകൾ പ്രകാശിപ്പിച്ചില്ലെങ്കിൽ മൊബൈൽ വെളിച്ചത്തിൽ പുതുവർഷപ്പിറവി ആഘോഷമാക്കാനും സന്ദർശകർ തീരുമാനമെടുത്തു. പ്രതിഷേധമറിഞ്ഞ് ടൂറിസം മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് ഇടപെട്ട് ലൈറ്റുകൾ ഓൺ ചെയ്യാൻ കളക്ടർക്ക് നിർദ്ദേശം നൽകി. തുടർന്നാണ് ലൈറ്റുകൾ വീണ്ടും പ്രകാശിപ്പിച്ചത്. സംഗീതനിശയോ മറ്റ് പരിപാടികളോ ഒന്നും ബീച്ചിൽ സംഘടിപ്പിക്കാഞ്ഞതും സന്ദർശകരെ നിരാശയിലാക്കി.
വിനോദസഞ്ചാര വികസനത്തെക്കുറിച്ച് ഏത് സമയവും വാചാലനാകുന്ന ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവിയിൽ നേരിട്ട ദുരനുഭവം മന്ത്രിക്കും നാണക്കേടായിട്ടുണ്ട്. മാനാഞ്ചിറയിലും സൗത്ത് ബീച്ചിലും ഫ്രീഡം സ്ക്വയറിലുമുൾപ്പെടെ പുതുവർഷവുമായി ബന്ധപ്പെട്ട് വലിയ ആൾക്കൂട്ടമായിരുന്നു ഇക്കുറി എത്തിയത്.
ബീച്ചിൽ രാത്രി 12.30 വരെയാണ് ആഘോഷം അനുവദിച്ചിരുന്നത്. വൈകിട്ട് നാല് മണിയോടെ തന്നെ ബീച്ചിലേക്കുളള വഴികളിൽ ബാരിക്കേഡ് വെച്ച് ഇവിടേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരുന്നു.
Discussion about this post